പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 26 November 2010

തളിപ്പറമ്പിന്റെ ക്ഷേത്രപ്പെരുമ: ഫോട്ടോ ഫീച്ചര്‍.

കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന നഗരമാണ് തളിപ്പറമ്പ്. പുരാതനകാലത്ത് “പെരിഞ്ചെല്ലൂര്‍” എന്നാണത്രെ ഇവിടം അറിയപ്പെട്ടിരുന്നത്. വളരെ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം അവകാശപ്പെടാനുണ്ട് തളിപ്പറമ്പിന്. അനേകം ക്ഷേത്രങ്ങളാല്‍ അനുഗ്രഹീതമാണ് ഇവിടം. നഗരത്തോട് ചേര്‍ന്നുള്ള പ്രധാനപെട്ട മൂന്നു ക്ഷേത്രങ്ങളാണ് “തളിപ്പറമ്പ-തൃച്ചംബരം-കാഞ്ഞിരങ്ങാട്” ക്ഷേത്രങ്ങള്‍. ഇവ മൂന്നും ഭരിയ്ക്കുന്നത് "T.T.K ദേവസ്വം” ആണ്. ഗാംഭീര്യം കൊണ്ടും വലുപ്പം കൊണ്ടും ഈ ക്ഷേത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്. അനേകകാലത്തെ ചരിത്രങ്ങള്‍ പറയാനുണ്ട് ഇവയ്ക്ക്. ഈ ക്ഷേത്രങ്ങളിലൂടെ ഒരോട്ട പ്രദക്ഷിണം.

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലെയാണ് രാജരാജേശ്വര ക്ഷേത്രം. അങ്ങോട്ടേയ്ക്ക് ചെല്ലുമ്പോള്‍ ആദ്യം നമ്മെ വരവേല്‍ക്കുന്ന അതി വിശാലമായ ഈ “ചിറ”യാണ്. നാലോ അഞ്ചോ ഏക്കര്‍ വിസ്തൃതിയുണ്ട് ഈ “ചിറ”യ്ക്ക്. “ചിറവക്ക്“ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

രാജരാജേശ്വരന്‍ എന്നാല്‍ ശിവന്‍. ഇതൊരു ശിവക്ഷേത്രമാണ്. എങ്കിലും ഇവിടെയെത്തുന്ന ഭക്തര്‍  “വാസുദേവപുരം” എന്ന  ചെറിയൊരു കൃഷ്ണക്ഷേത്രമാണ് ആദ്യം സന്ദര്‍ശിയ്ക്കേണ്ടത്.
ദാ, ഇവിടെ നിന്നാണ് വാസുദേവക്ഷേത്രത്തിലേയ്ക്ക് തിരിയുന്നത്.
വാസുദേവപുരം ക്ഷേത്രം.
 ഇനി നാം ചിറക്കരയില്‍ കൂടി രാജരാജ ക്ഷേത്രത്തിലേയ്ക്കാണു പോകുന്നത്.

ചിറയുടെ ദൃശ്യങ്ങള്‍
ഈ ചിറക്കരയില്‍ പണ്ട് അഗസ്ത്യമുനിയുടെ ആശ്രമം ഉണ്ടായിരുന്നതായി വിശ്വസിക്കപെടുന്നു.
ചിറ ഇന്നത്തെ നിലയില്‍ പുതുക്കിപ്പണിതത് 460 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭക്തനായിരുന്ന ചിറ്റൂര്‍ നമ്പൂതിരിപ്പാടാണ്.
ചിറയിലെ കുളിക്കടവില്‍ ഈയൊരു ശിലാഫലകം കാണാം. എനിയ്ക്കിതു വായിയ്ക്കാന്‍ കഴിയുന്നില്ല.
നിങ്ങള്‍ ശ്രമിയ്ക്കൂ, വായിയ്ക്കാനാവുമോ എന്ന്.
കുളിക്കടവ്.
രാജരാജേശ്വര ക്ഷേത്രവഴിയില്‍ ഈയൊരു കൊച്ച് അമ്പലവും. ഭൂതനാഥ ക്ഷേത്രം.
നാഗം കുടിയിരിയ്ക്കും കാവ്. ക്ഷേത്ര വഴിയില്‍..
ആറേക്കറോളം വിസ്തൃതിയുള്ള ക്ഷേത്ര വളപ്പിന് അതിരിടുന്ന കൂറ്റന്‍ മതില്‍ക്കെട്ടിനരുകിലൂടെ നടന്ന് നാം കിഴക്കേ വാതിലിനടുത്തേയ്ക്ക് ചെല്ലുന്നു.
ഇതാണ് T.T.K ദേവസ്വം ഓഫീസ്. കിഴക്കേ ഗോപുര വാതില്‍
ഇത്  കവാടത്തില്‍ തന്നെയുള്ള “കൊട്ടുമ്പുറം“. ഇവിടം പണ്ഡിതന്മാരെയും കലാകാരന്മാരെയും സ്ഥാനമാനങ്ങളും, അധികാര ചിഹ്നങ്ങളും നല്‍കി ആദരിയ്ക്കുന്ന സ്ഥലമാണ്. ഇവിടെ വച്ച് നല്‍കുന്ന സ്ഥാനമാനങ്ങള്‍ ഏറ്റവും ഉല്‍കൃഷ്ടമായി കണക്കാക്കുന്നു. ഉദ്ദണ്ഡശാസ്ത്രികള്‍ തുടങ്ങിയ പണ്ഡിതരേയും മറ്റും ആദരിച്ചിരുന്നു. ഇന്നും ഈ കാര്യം തുടര്‍ന്നു വരുന്നു.
നാം ക്ഷേത്രത്തിലേയ്ക്കു കടക്കുന്നു.

നാം കടന്നു വന്ന വഴിയിലെ മതിലുള്ളിലെ പൌരാണിക ശേഷിപ്പുകള്‍. ഇവിടെ ഏഴു നിലയുള്ള ഗോപുരമുണ്ടായിരുന്നു. ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകര്‍ന്നതെന്ന് ചരിത്രം പറയുന്നു.


വലതുവശത്തെ ശേഷിപ്പ്.
ഗംഗാദേവി ചിറ കടവ്.
ഗംഗാ തീര്‍ത്ഥ ചിറ.
ക്ഷേത്രത്തിനു തെക്കു കിഴക്കേ മൂലയിലെ കൂറ്റന്‍ യക്ഷിപ്പാല.
യക്ഷികള്‍ കുടിയിരിയ്ക്കും കൂറ്റന്‍ തായ്ത്തടി.
യക്ഷിപ്പാലയുടെ പന്തലിപ്പ്..!
എനിയ്ക്കതിനടുത്തേയ്ക്ക് പോകാനല്പം ഭയം തോന്നുന്നു. വല്ല യക്ഷീം കയറിക്കൂടിയാലോ..?
ക്ഷേത്രത്തിനു മുന്‍ വശം.
കേരളത്തിലെ 108 പൌരാണിക ശിവക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. ഇവിടുത്തെ ശിവലിംഗത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപെടുന്നു. ശിവന്‍ പണ്ട് പാര്‍വതിയ്ക്ക് ദിവ്യമായ മൂന്ന് ശിവലിംഗങ്ങള്‍ ആരാധനയ്ക്കായി നല്‍കിയിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു.
മാന്ദതന്‍ എന്ന മുനിയ്ക്ക് ഏറെക്കാലത്തെ തപസ്സിനു ശേഷം ശിവന്‍ പ്രത്യക്ഷനായി ഒരു ദിവ്യ ശിവലിംഗം നല്‍കിയിട്ട്, ഇതേ വരെ ശവസംസ്കാരം നടത്താത്ത ഒരിടത്ത് അതു പ്രതിഷ്ഠിയ്ക്കുവാന്‍ കല്പിച്ചു. അദ്ദേഹമാണ് ഇവിടം കണ്ടെത്തിയതത്രേ. അദ്ദേഹത്തിന്റെ മരണശേഷം ശിവലിംഗം അപ്രത്യക്ഷമായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന്‍ മുചുകുന്ദനും തപസ്സു ചെയ്ത് രണ്ടാമത്തെ ശിവലിംഗം നേടി. കാലക്രമത്തില്‍ അതും നഷ്ടമായി. മൂഷക വംശത്തിലെ സതസോമന്‍ എന്ന രാജാവ് ഇവിടം വാണകാലത്ത് നിരന്തര പ്രാര്‍ത്ഥനയുടെ ഭാഗമായി മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്രേ. അതാണ് രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.

പ്രദക്ഷിണ വഴിയില്‍..
ചുറ്റമ്പലത്തിന്റെ ശില്പഭംഗി.
പടിഞ്ഞാറ് വശത്തെ “മാടായിക്കാവിലമ്മ”യുടെ ഇരിപ്പിടം. ഭദ്രകാളിയെ ആദ്യം ഇവിടെയായിരുന്നു ആരാധിച്ചിരുന്നത്. പിന്നീട് അത് “മാടായി” എന്ന സ്ഥലത്തേയ്ക്ക് മാറ്റി പ്രതിഷ്ഠിയ്ക്കുകയായിരുന്നത്രേ.
രാജരാജേശ്വരന്റെ കരിവീരന്‍
തളിപ്പറമ്പു നിന്നും അനുബന്ധ ക്ഷേത്രമായ തൃച്ചംബരത്തേയ്ക്കാണ് ഞാന്‍ പോയത്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇരുനൂറ് മീറ്റര്‍ അകലെ പൂക്കോത്ത് നട എന്ന അരയാല്‍ തറയുണ്ട്. തൃച്ചംബരത്തെ ഉത്സവസമാപനമായ ‘കൂടിപ്പിരിയല്‍” ഇവിടെയാണ് നടക്കുന്നത്. തൃച്ചംബരത്തെ ദേവന്‍ കൃഷ്ണനാണ്. കൃഷ്ണ സഹോദരനായ “ബലരാമന്‍” ഉത്സവത്തിനെത്തുന്നു എന്നും അവസാനനാള്‍ ഇരുവരും ചേര്‍ന്ന് തിടമ്പു നൃത്തം ചെയ്ത് വിടചൊല്ലി പിരിയുന്നു എന്നുമാണ് കൂടിപ്പിരിയലിന്റെ പൊരുള്‍.

പൂക്കോത്ത് നട.
പൂക്കോത്ത്നടയില്‍ നിന്നും കിഴക്കോട്ട് അല്പം സഞ്ചരിച്ചാല്‍ ഈ ആല്‍ത്തറ കാണാം.
അല്പം കൂടി നടന്നാല്‍ തൃച്ചംബരം ക്ഷേത്രമായി.

തൃച്ചംബരം ക്ഷേത്രം.
ക്ഷേത്രത്തിനു മുന്‍‌വശം.
ക്ഷേത്രവളപ്പിനുള്ളിലെ ഒരുപക്ഷേത്രമാണിത്.  ഒരു കുളത്തിലാണ് ഈ ക്ഷേത്രം.
നോക്കൂ, ഒരു മീന്‍പിടുത്തക്കാരന്‍..!
ഞാന്‍ ചെല്ലുമ്പോള്‍ വിജനമായ ക്ഷേത്രത്തില്‍ ഇദ്ദേഹം മാത്രം എന്തോ ചിന്തിച്ചിരിയ്ക്കുന്നു. എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും ക്യാമറയ്ക്കു മുഖം തന്നില്ല.

ഇതാണ് ക്ഷേത്രക്കുളം.
ക്ഷേത്രവളപ്പിനുള്ളിലെ മറ്റൊരുപക്ഷേത്രം. ദുര്‍ഗയാണിവിടുത്തെ പ്രതിഷ്ഠ.

ഇനി നാം കാഞ്ഞിരങ്ങാട് വൈദ്യ നാഥ ക്ഷേത്രത്തിലെയ്ക്കാണു പോകുന്നത്. തളിപ്പറമ്പ്-ആലക്കോട് റോഡില്‍ ആറ് കിലോമീറ്റര്‍ അകലെയാണ് കാഞ്ഞിരങ്ങാട്.

ബസ് സ്റ്റോപ്പില്‍ നിന്നും നൂറുമീറ്റര്‍ നടന്നാല്‍ മതി.
ഞാനെത്തുമ്പോള്‍ ഉച്ചയായതിനാല്‍ ക്ഷേത്ര നട അടച്ചിരുന്നു.
ചുറ്റിനും ആല്‍ത്തറകളുടെ ധാരാളിത്തം.
മറ്റൊരെണ്ണം.
ക്ഷേത്രക്കുളം. ഉപയോഗമില്ലാത്തതിനാല്‍ പായല്‍ മൂടിക്കിടക്കുന്നു.
ക്ഷേത്രങ്ങള്‍ നട അടച്ച സമയമായതിനാല്‍ എനിയ്ക്ക് ഉള്‍ഭാഗങ്ങള്‍ ചിത്രീകരിയ്ക്കാനായില്ല. എങ്കിലും അവയുടെ മനോഹാരിത പരമാവധി കാണുവാന്‍ എനിയ്ക്ക് സാധിച്ചു. ഈ പരിമിത ചിത്രങ്ങളിലൂടെ അവ വായനക്കാരില്‍ എത്തിയ്ക്കുവാന്‍ കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു. രാജരാജേശ്വര ക്ഷേത്രത്തെപറ്റി കൂടുതല്‍ അറിയുവാന്‍ ഈ വിക്കി ലിങ്കില്‍ പോകുക.

17 comments:

 1. നന്നായിട്ടുണ്ട്...എന്നെ ഏറ്റവും ആകര്‍ഷിച്ചത് ആ പഴയ ഗോപുരത്തിന്റെ ശേഷിപ്പുകള്‍ തന്നെ, എത്ര കഥകള്‍ പറയാനുണ്ടാവും അതിനും..മാടായികാ‍വിലമ്മയുടെ സ്ഥാനത്തിനു പിറകിലായി ഒരു വാതില്‍ കാനുന്നില്ലേ? അതെപ്പോഴും അടച്ചിടാറാണ് പതിവ്..കാരണം ഞാന്‍ മറന്നു പോയി..ഇനിവായിക്കുന്നവറ് പറയട്ടെ. എന്റെ നാട്ടില്‍ തന്നെയാണെങ്കിലും ഞാനിത്രയൊന്നും വിശദമായി അറിയാന്‍ ശ്രമിച്ചില്ലെന്നുള്ളതാണ് സത്യം...മുറ്റത്തെ മുല്ലക്ക് അല്ലെങ്കിലും മണമില്ലല്ലോ...ആശംസകള്‍ .

  ReplyDelete
 2. പടങ്ങൾ ഇഷ്ടപ്പെട്ടു.
  ഒരു ചെറു ഗൃഹാതുരത്വം എനിക്കും തോന്നുന്നു!
  പരിയാരത്തു ജോലി ചെയ്യുമ്പോൾ പലതവണ ഈ വഴി പോയിട്ടുണ്ട്.

  ReplyDelete
 3. ഒരു മാസം മുൻപ് രാജ രാ‍ജരാജേശ്വരക്ഷേത്രത്തിൽ പോയിരുന്നു. സന്ധ്യ ആയതിനാൽ ശരിക്കൊരു ഫോട്ടോ എടുക്കാൻ പറ്റിയ്യില്ല. ചിറയുടെ സമീപം എത്തിയപ്പോൾ നല്ല ഇരുട്ട്, ആ ഇരുട്ടിൽ ഒറ്റയ്ക്ക് അര മണിക്കൂർ കുളക്കരയിൽ നിന്നു. കൂടെയുള്ള മകളും ഭർത്താവും കുളം ചുറ്റി ഏതൊക്കെയോ അമ്പലത്തിൽ പോയിരുന്നു. ബിജുവിന്റെ ഫോട്ടോകൾ കണ്ട് വളരെ സന്തോഷം തോന്നി. എനിക്ക് പകൽ വെളിച്ചത്തിൽ കാണാൻ കഴിയാത്തതിന്റെയും ഫോട്ടോ എടുക്കാൻ കഴിയാത്തതിന്റെയും പ്രയാസമൊക്കെ ഈ ബ്ലോഗ് കണ്ടപ്പോൾ തീർന്നു. ഏഴിലംപാല ഞാൻ കണ്ടപ്പോൾ ഇതേപോലെ പൂത്തിരുന്നു. ആനകൾ 2, മന്ത്രിമാർ (ജയലളിത, യദൂരപ്പ) നടയിരുത്തിയതാണെന്ന് തോന്നുന്നു. ആശംസകൾ.

  ReplyDelete
 4. എല്ലാ പ്രാവശ്യവും നാട്ടിലെത്തിയാല്‍ പോകുന്ന ക്ഷേത്രങ്ങളാണ് ഇവ. ഇപ്രാവശ്യവും പോയിരുന്നു, ഒരു മാസം മുന്‍പ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രമാണ് “ മാന്ധംകുണ്ട് മഹാവിഷ്ണു ക്ഷേത്രം ‘. തളിപ്പറമ്പ് ടൌണില്‍ നിന്നും പട്ടുവം റോഡ് ആരംഭിക്കുന്ന സ്ഥലത്ത്. ഈ വെക്കേഷനില്‍ ഒരുപാട് ക്ഷേത്രങ്ങളില്‍ പോയി. ഒരു ദിവസം രാവിലെ 5 മണിക്ക് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ തുടങ്ങി പറശ്ശിനിയില്‍ അവസാനിപ്പിച്ച ഒരു നീണ്ട യാത്ര. രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം, മാടായിക്കാവ്, രാമപുരം ക്ഷേത്രം, വടുകുന്ദ ശിവക്ഷേത്രം, ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം, പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.


  വിവരണം ഉഷാറായി.

  ReplyDelete
 5. നന്നായി ഈ പരിചയപ്പെടുത്തല്‍

  ReplyDelete
 6. ഗംഭീരം.. ഫോട്ടോ ഫീച്ചര്‍.

  ReplyDelete
 7. thanks for sharing..........

  ReplyDelete
 8. വിവരണം നന്നായി...........ഫോട്ടോസും കൊള്ളാം

  ReplyDelete
 9. Bijuvetta,

  Ugran Vivaranavum fottokalum.

  of: enikku ivite malayalaththilezhuthiyathu pest cheyyan pattunnilla.

  ReplyDelete
 10. ഈ ക്ഷേത്രങ്ങളില്‍ ഒക്കെ ഒന്ന് പോയതുപോലെ അനുഭവപ്പെട്ടു ....വിവരണത്തിനും ..ചിത്രങ്ങള്‍ക്കും നന്ദി

  ReplyDelete
 11. ക്ഷേത്ര ചരിത്രമറിഞ്ഞുള്ള തീര്‍ത്ഥാടനം വളരെ അര്‍ത്ഥവത്താണ്...
  തളിപ്പറമ്പിന്റെ ചരിത്രമന്വേഷിച്ചുള്ള ഈ യാത്ര മനോഹരമായൊരിക്കുന്നു.

  ReplyDelete
 12. വളരെ നന്നായിരിക്കുന്നു.. ഫോട്ടോസും ഫീച്ചറും എല്ലാം മനസ്സിന് കുളിരേകുന്നു.. നന്ദി

  ReplyDelete
 13. രാജരജേശ്വരി ക്ഷേത്രത്തിലെ ഒരു സ്തിരം സന്ദര്‍ശകനാണ് ഞാന്‍ ..എന്നും മനസ്സില്‍ തങ്ങിനിര്‍ത്തുന്ന കുറെ ചിത്രങ്ങള്‍ ഉണ്ട് വളരെ മനോഹരമായി അവയെല്ലാം ഇവിടെ അവതരിപ്പിച്ചു തന്നതിനു നന്ദി

  ReplyDelete
 14. good to read biju..

  The same article is appearing in the below url too.

  http://my.mittayi.com/profiles/blogs/4221772:BlogPost:512153

  ReplyDelete
 15. നന്ദി ശ്രീലാല്‍ ഈ ലിങ്ക് പൊസ്റ്റിയതിന്. ഒന്നാന്തരം മോഷണം... എന്തൊരു കഷ്ടമാണ്. വല്ലവനും കഷ്ടപെട്ട് എടുത്ത ഫോട്ടോകളും മറ്റും ഒരു ഉളുപ്പുമില്ലാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കുക....

  ReplyDelete
 16. Bijukumar, Nostalgic and cultural post ,great!! thank you

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.