പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 15 April 2010

വിഷുപ്പക്ഷിയുടെ തേങ്ങല്‍

ങ്ങനെ വീണ്ടുമൊരു വിഷുക്കാലം കൂടി എത്തി. ചാനലുകളില്‍ കണിക്കൊന്ന പൂത്തു. പണ്ടൊക്കെ കണിവയ്ക്കാന്‍ പൂക്കളും ഫലങ്ങളും കൊന്നപ്പൂവും തേടി നടക്കണമായിരുന്നു. ഇന്നതിന്റെ ആവശ്യമൊന്നുമില്ല. രാവിലെ ഉറക്കത്തില്‍ നിന്നും കണ്ണുപൂട്ടി എഴുനേറ്റ് നേരെ ടി.വി. ഓണ്‍ ചെയ്യുക. ഒന്നാന്തരം ട്രഡീഷണല്‍ കണി റെഡി.  രാവിലെ തന്നെ സുന്ദരിമാരും സുന്ദരന്മാരും അണിഞ്ഞൊരുങ്ങി അവരുടെ വിഷു വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. കട്ടന്‍ ചായ ഊതിക്കുടിച്ച്കൊണ്ട് കട്ടിലില്‍ ചടഞ്ഞിരുന്ന് ഈയുള്ളവന്‍ ടി.വിയില്‍ വിഷുക്കണി കണ്ടു. മൊബൈലില്‍ നാട്ടില്‍ നിന്നും സുഹൃത്തിന്റെ വിഷുആശംസകള്‍ മെസേജായി എത്തി. മോനേയും മോളേയും വിളിച്ച് വിഷു ആശംസകള്‍ അറിയിച്ചു. പ്രിയതമയുടെ വിരഹത്തില്‍ പൊതിഞ്ഞ പരിഭവം. കഴിഞ്ഞു വിഷുവാഘോഷം.
എന്റെ കുട്ടിക്കാലം കഷ്ടപ്പാടിന്റേതായിരുന്നു. ചെറുപ്പത്തിലേ തിരുവിതാംകൂറില്‍ നിന്നും മലബാറില്‍ കുടിയേറിയ കുടുംബം. എന്നാല്‍ പഠന സൌകര്യത്തിനായി ഞാന്‍ നാട്ടില്‍ , മീനച്ചിലാറിന്റെ കരയില്‍ അമ്മവീട്ടില്‍നിന്നാണ് പഠിച്ചത്. അഞ്ചാംക്ലാസുമുതല്‍ പ്രീഡിഗ്രി വരെ വളരെ നീണ്ട “പ്രവാസം”. വലിയൊരു(അംഗ സംഖ്യയേറിയ) കുടുംബമായിരുന്നു എന്റെ അമ്മവീട്. നാമമാത്ര കൃഷിയും പശുവളര്‍ത്തലുമാണ് വരുമാനം. കൂടുതല്‍ സ്ത്രീജനസംഖ്യ . അവിടെ ഒരു മൂലയില്‍ ഈ ഞാനും കൂടി. മുഖ്യഭക്ഷണം കഞ്ഞിയും ചോറും. വളരെ അപൂര്‍വമായി പുട്ട് അഥവാ പിട്ട് ഉണ്ടാക്കും. ദോശ, ഇഡ്ഡലി, ചപ്പാത്തി ഇവയൊന്നും എന്റെ ബാല്യ ഓര്‍മ്മയില്‍ വരുന്നേ ഇല്ല.
മാര്‍ച്ചുമാസം പരീക്ഷ കഴിഞ്ഞാല്‍ ഞാന്‍ മലബാറിലേയ്ക്ക് പോകും. പിന്നെ രണ്ടുമാസം അവിടെയാണ്. കണ്ണൂരില്‍  രാവിലെ ട്രയിനിറങ്ങിയാല്‍ എന്റെ നാട്ടിലേയ്ക്ക് ഒരു ബസുണ്ട് നേരിട്ട്. അന്‍പതു കിലോമീറ്ററോളം ദൂരമുള്ള ആലക്കോടിനടുത്താണ് എന്റെ വീട്. മലയോര മേഖല. ആ ബസിലിരിയ്ക്കുമ്പോള്‍ കിട്ടുന്ന ചില മണങ്ങളാണ് എന്റെ ഓര്‍മയിലേയ്ക്കു വരുന്നത്. കണ്ണൂര്‍ ടൌണില്‍ തന്നെ തളാപ്പ് എന്ന ഭാഗത്തേയ്ക്ക് ബസ് തിരിയുമ്പോള്‍ ബീഡിയിലയുടെ ലഹരിപിടിപ്പിയ്ക്കുന്ന ഒരു മണം വരും. ദിനേശ് ബീഡിയുടെ ഗോഡൌണാണവിടെ. പിന്നെ വളപട്ടണം പാലമെത്തുമ്പോള്‍ ചീഞ്ഞമുട്ടയുടെ ആ ഗന്ധമുണ്ടല്ലോ അതാവും കിട്ടുക. അവിടെ ധാരാളം ചകിരി തൊണ്ട് ചീയിയ്ക്കുന്ന സ്ഥലമുണ്ട്.  പലപ്പൊഴും ഉറക്കം തൂങ്ങി തല ബസിന്റെ ജനാലകമ്പിയില്‍ ഇടിയ്ക്കും. അങ്ങനെ ഉണരുമ്പോഴാണ് ഈ മണങ്ങള്‍ കിട്ടുക. തളിപ്പറമ്പ് കഴിഞ്ഞാല്‍ മലയോരമേഖല ആരംഭിയ്ക്കുകയായി ,ഒടുവള്ളി മുതല്‍ . അപ്പോഴാണ് ആ ഹൃദ്യമായ ഗന്ധം ഒഴുകിയെത്തുക. പഴുത്ത കശുമാങ്ങയുടെ സൌരഭ്യം! അതങ്ങിനെ ഒരു ലഹരിയായി മൂക്കിലേയ്ക്കടിച്ചുകയറും. എന്റെ വീടെത്തിയാലും അത് പിന്തുടര്‍ന്നുകൊണ്ടേയിരിയ്ക്കും. അന്ന് എല്ലായിടത്തും കശുമാവാണ് മുഖ്യം. റബറൊക്കെ കുറച്ചേയുള്ളു.എന്റെ വീട്ടുവളപ്പില്‍ തന്നെ മുപ്പത്തഞ്ചോളം കായ്ക്കുന്ന കശുമാവുണ്ടായിരുന്നു. ഒക്കെ തനിയെ വളര്‍ന്നു വന്നത്. മഞ്ഞയും ചുവപ്പും റോസുമൊക്കെ നിറമുള്ള കശുമാങ്ങകള്‍ . ചിലതിന് നല്ല മധുരം. ചിലതിന് ചെറിയ കറചുവയുണ്ടാകും. 
കശുവണ്ടിക്കാലമായാല്‍ എപ്പോഴും പട പടാ ശബ്ദം കേള്‍ക്കാം കശുമാമ്പഴം പൊഴിയുന്നതിന്റെ. തേനീച്ച, പലയിനം വണ്ടുകള്‍ ,അണ്ണാന്‍ , കരിയില പക്ഷി എന്ന ഒരു കൂട്ടം പക്ഷികള്‍ , ഓലേഞ്ഞാലി പക്ഷി ഇവയെല്ലാം പറമ്പാകെ ഒച്ചയിട്ടുകൊണ്ട് പാറി നടക്കും. ഈ കാലം അവരുടേതുകൂടിയാണല്ലോ!
 വിഷുക്കാലം പൊതുവേ സമൃദ്ധിയിടേതാണ്.കാരണം എല്ലാ വീട്ടിലും കുറേശ്ശെ കശുവണ്ടിയുണ്ടാകും.
 വെറുതെ പെറുക്കിയെടുക്കുകയല്ലാതെ മറ്റൊരു അധ്വാനവും അവയ്ക്കാവശ്യമില്ല.
എന്റെ ഈ വെക്കേഷന്‍ കാലമാണ് അന്നത്തെ ആകെയുള്ള ഒരു സന്തോഷക്കാലം. ഇവിടെ വന്നാല്‍ എനിയ്ക്ക് ചില ഉറ്റ ചങ്ങാതിമാരുണ്ട്. അതിലേറ്റവും പ്രധാനിയാണ്  സിബിച്ചന്‍ . ഇടയ്ക്കിടെ ഞങ്ങള്‍ ഒരു സഞ്ചിയില്‍ കുറച്ച് കശുവണ്ടിയുമായി ആലക്കോടിനു പോകും. ലക്ഷ്യങ്ങള്‍ രണ്ടാണ്. ഒന്ന് പിള്ളേച്ചന്റെ ചായക്കടയില്‍ നിന്ന് വയറു നിറയെ “സുഖിയന്‍ “ അടിയ്ക്കുക. രണ്ട് മെട്രോ തീയേറ്ററില്‍ കയറി മാറ്റിനി പടം കാണുക. ജയന്റെ പടങ്ങളാണ് അന്ന് ഹരം. ഞങ്ങള്‍ ഏറ്റവും മുന്‍പില്‍ ബഞ്ചിനാണ് ടിക്കറ്റെടുക്കുക. കൂട്ടുകാരന്‍ സിബിച്ചന് ഒരു കുഴപ്പമുണ്ട്. ജയന്‍ ഇടി തുടങ്ങിയാല്‍ അവന്‍ പരിസരം മറക്കും. “അടിയടാ അവനെ”  എന്ന് ആര്‍ത്തു വിളിച്ചുകൊണ്ട് അടുത്തിരിയ്ക്കുന്ന എനിയ്ക്കിട്ട് താങ്ങും. ഇതറിയാവുന്നതുകൊണ്ട്, ജയന്റെ ഇടി വരുമ്പൊഴൊക്കെ ഞാന്‍ സ്ക്രീനില്‍ ശ്രദ്ധിക്കാതെ സിബിച്ചനെ ആണ് ശ്രദ്ധിയ്ക്കുക.
പിന്നെ ആലക്കോട്ട് നിന്ന് ബാലരമ,പൂമ്പാറ്റ, ഫാന്റത്തിന്റെയും മാന്‍ഡ്രേക്കിന്റെയും ചിത്രകഥ എന്നിവ കിട്ടുന്നതുപോലെ മേടിച്ച് മടക്കം.
കശുമാമ്പഴക്കാലത്ത് മുതിര്‍ന്നവരുടെ ഒരു മുഖ്യപരിപാടിയാണ് ചാരായം വാറ്റ്. “റാക്ക് കാച്ചുക” എന്ന് നാടന്‍ പ്രയോഗം. വളരെ നിസ്സാരമായ ഒരു പരിപാടിയാണിത്. കശുമാമ്പഴം പെറുക്കികൂട്ടുക. ഒരു വലിയ ഭരണിയിലോ മറ്റൊ എല്ലാം കൂടി വലിച്ചുകീറി ഇട്ടേക്കുക.ഒരു പിടി നെല്ല് കൂടിയിട്ടാല്‍ ഉഗ്രനായി. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ഇവന്‍ നല്ല മൂത്ത് പരുവമായിട്ടുണ്ടാവും. പിന്നെ വാറ്റാനുള്ള പ്രത്യേകപാത്രത്തില്‍ ഒഴിച്ച് വാറ്റും. നല്ല ലഹരിയാണത്രെ ഇതിന്. പക്ഷേ ഒരു കുഴപ്പമുണ്ട്, കുടിച്ചയാള്‍ വിയര്‍ത്താല്‍ ശരിയ്ക്കും കശുമാങ്ങയുടെ മണം വരും! വിഷുവിനും ഈസ്റ്ററിനും ലഹരി പകര്‍ന്നിരുന്നത് ഈ റാക്കാണ്.
എന്റെ വെക്കേഷന്‍ കാലത്ത്  വരുന്ന മുഖ്യ ആഘോഷങ്ങളാണ് വിഷുവും ഈസ്റ്ററും. ഈസ്റ്ററിന് എന്റെ അയലത്തുള്ള ക്രൈസ്തവകുടുംബങ്ങളില്‍ നിന്നും കുരിശപ്പം,വട്ടയപ്പം, പഴം എന്നിങ്ങനെ വിഭവങ്ങളെത്തും. തുടര്‍ന്ന്, വിഷുവിന് ഞങ്ങള്‍ അട, പായസം എന്നിവ നല്‍കും. പലഹാരങ്ങള്‍ ധാരാളം തിന്നാന്‍ കിട്ടുന്നത് ഈയൊരു സമയത്താണ്. 
വിഷുക്കാലത്തെ മറക്കാനാകാത്ത ഒരു സാന്നിധ്യമാണ് വിഷുപ്പക്ഷി. ഞാനിതേ വരെ അതിനെ കണ്ടിട്ടില്ല, ശബ്ദം മാത്രം കേള്‍ക്കാം. “ഞാന്‍ പൊക്കോട്ടെ” “ചക്കയ്ക്കുപ്പുണ്ടോ” “കള്ളന്‍ ചക്കേട്ടു” “കണ്ടാല്‍ മിണ്ടേണ്ട” “വിത്തും കൈക്കോട്ടും” ഇങ്ങനെ ഏതു രീതിയിലും വ്യാഖ്യാനിക്കാം ആ പക്ഷിയുടെ പാട്ടിനെ. അത് ഒരു ദേശാടനക്കിളിയാണെന്നാണ് അറിവ്. എതായാലും ഈയൊരു സീസണില്‍ മാത്രമാണ് അതിന്റെ പാട്ടു കേള്‍ക്കാന്‍ പറ്റുക. (ഈ അടുത്തകാലത്തൊന്നും അതിന്റെ പാട്ട് കേട്ടിട്ടില്ല. അതും കുറ്റിയറ്റോ ആവോ?) വിഷുക്കാലത്ത് എന്റെ അടുത്തുള്ള അരങ്ങം അമ്പലത്തിലെ കണിക്കൊന്ന പൂക്കും. ആള്‍ക്കാര്‍ കണിയൊരുക്കാനായി അതില്‍ നിന്നാണ് പൂക്കള്‍ പറിയ്ക്കുക. ഇപ്പോഴും ആ കൊന്ന അവിടെയുണ്ട്.
 പിന്നെ, ഈ കാലം ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചില്‍ , കപ്പ ഇവയുടെയെല്ലാം സമയം കൂടിയാണ്. കപ്പ പറിച്ച് വാട്ടിയെടുക്കുക എന്നത് വലിയൊരാഘോഷം തന്നെയാണ്. കുറെ അയല്ക്കാരും കൂടും. എല്ലാവരും നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് കപ്പ പൊളിക്കലും അരിയലും വാട്ടലും നടത്തും.
എത്രയിനം മാമ്പഴങ്ങള്‍ . മാമ്പഴം പെറുക്കാന്‍ വേണ്ടി വെളുപ്പാന്‍ കാലത്തെഴുനേറ്റ് ഞാന്‍ പോയിട്ടുണ്ട്. വഴിയരുകിലൊരു നാട്ടുമാവുണ്ട്. ചെറിയ മധുരമുള്ള ധാരാളം മാമ്പഴമുണ്ട് അതില്‍ . ഒരു വലിയ തൂക്കുപാത്രം നിറയെ കിട്ടും. ആ മാധുര്യം ഇന്നുമുണ്ട് നാവില്‍ .
വിഷു കഴിയുന്നതോടെ വേനല്‍ മഴയെത്തും. പിന്നെ കപ്പയിടുന്നതിന്റെ തിരക്കാണ്. അപ്പോഴെയ്ക്കും എനിയ്ക്ക് തിരിച്ച് പോവ്വേണ്ട കാലമായിട്ടുണ്ടാവും. മെയ് പകുതിയോടെ ഞാന്‍ മലബാറിനോട് വിട പറയും ഒരു വര്‍ഷം നീളുന്ന പ്രവാസത്തിലേയ്ക്ക്. അതിന്നും എന്നെ വിടാതെ പിന്തുടരുന്നു. ഇവിടെ അറബിക്കടലിക്കരെ ഇരുന്ന് ആ കഴിഞ്ഞ നാളിലെ വിഷു ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ നഷ്ടപ്പെട്ട വിഷുപ്പക്ഷിയുടെ ആ പാട്ട് ഉള്ളിലെവിടെയോ മുഴങ്ങുന്നു, ഒരു നഷ്ട വസന്തത്തിന്റെ തേങ്ങല്‍ പോലെ.

3 comments:

 1. നന്നായിട്ടുണ്ട് വിഷു ഓര്‍മകള്‍ .

  വിഷു ആശംസകള്‍ നേരുന്നു.

  ഷാജി ഖത്തര്‍.

  ReplyDelete
 2. വളരെ നന്നായിട്ടുണ്ട് . എഴുതിയ ശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു കേട്ടോ .

  ReplyDelete
 3. ഷാജി ഖത്തര്‍, മിനി നമ്പൂതിരി സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.