പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 26 November 2011

പ്രിയപ്പെട്ട കസബ് ഭായിയ്ക്ക്......

പ്രിയപ്പെട്ട കസബ് ഭായിയ്ക്ക്......

26-11-11
പ്രിയപ്പെട്ട കസബ് ഭായി,
പിറന്നാളാശംസകള്‍..! താങ്കള്‍ക്ക് സുഖമല്ലേ? ഞങ്ങളെ സംബന്ധിച്ച് അങ്ങയുടെ മൂന്നാം പിറന്നാളാണിന്ന്.
ജയിലില്‍ ആവശ്യത്തിനു മുട്ടയും പാലും ബിരിയാണിയുമൊക്കെ കിട്ടുന്നുണ്ടെന്നു കരുതുന്നു. പാകിസ്ഥാനിലുള്ള അങ്ങയുടെ ബന്ധുക്കളെ വിളിയ്ക്കാന്‍ സാധിയ്ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ദയവായി അക്കാര്യം ഞങ്ങളുടെ സര്‍ക്കാരിനെ അറിയിയ്ക്കണം. അതിഥി ദേവോ ഭവ: എന്ന തത്വശാസ്ത്രക്കാരാണ് ഞങ്ങള്‍. ഞങ്ങള്‍ ഉണ്ടില്ലെങ്കിലും, വീട്ടില്‍ വരുന്ന അതിഥിയെ ആവോളം സല്‍ക്കരിയ്ക്കും.  ജയിലില്‍ ആക്കിയത്, സത്യത്തില്‍ അങ്ങയുടെ സുരക്ഷയെ കരുതി മാത്രമാണ്.  വെളിയില്‍ വിട്ടാല്‍ ചിലപ്പോള്‍ വിവരമില്ലാത്ത ചില വിഡ്ഡികള്‍ ആക്രമിച്ചേക്കാന്‍ വഴിയുണ്ട്. സാദാ ജയിലിലിട്ടാലും ഈ പ്രശ്നമുണ്ട്. അതുകൊണ്ടു മാത്രമാണ് അങ്ങേയ്ക്കായി പ്രത്യേക സംവിധാനങ്ങളോടെ ഞങ്ങളൊരു ജയിലുണ്ടാക്കിയത്. അവിടെ എല്ലാ സൌകര്യങ്ങളോടും കൂടി ജീവിയ്ക്കുമ്പോള്‍ ഇടയ്ക്കെങ്കിലും ഞങ്ങളെ ഓര്‍ക്കണം, ഞങ്ങളോടു നന്ദിയുള്ളവരായിരിയ്ക്കണം. ഞങ്ങളുടെ മാധ്യമങ്ങളെ നോക്കു, ഏകാന്തവാസത്തിലുള്ള അങ്ങയുടെ ഓരോ മൊഴിമുത്തുകളും എത്ര കൃത്യമായാണ് അവര്‍ ഞങ്ങള്‍ക്കെത്തിച്ചു തരുന്നത്. അതു കേട്ടു ഞങ്ങള്‍ പുളകം കൊള്ളാറുണ്ട്.

കാശിന്റെ പുളപ്പുകൊണ്ടൊന്നുമല്ല പതിനാറു കോടി രൂപാ മുടക്കി ഇത്ര സൌകര്യങ്ങള്‍ ചെയ്തു തരുന്നത്. ഇവിടെ നാട്ടിലൊക്കെ പ്രശ്നങ്ങളാണ്. വെറും അരലക്ഷോം ഒരു ലക്ഷോം കടമുള്ളവന്മാരൊക്കെ ആത്മഹത്യ ചെയ്തോണ്ടിരിയ്ക്കുന്നു, കൈയില്‍ കാശില്ലാന്നും പറഞ്ഞ്. അങ്ങേയ്ക്കായി മുടക്കുന്ന കാശിന്റെ ഒരംശം ഉണ്ടായിരുന്നെങ്കില്‍ ഇവരൊക്കെ ജീവിച്ചിരിയ്ക്കുമായിരുന്നില്ലേ എന്നു ചില മണ്ടന്മാര്‍ ചോദിയ്ക്കുന്നുണ്ട്. അവരോടൊക്കെ അതിഥി ദേവോ ഭവ: എന്നു പറഞ്ഞാണ് ഞങ്ങളുടെ സര്‍ക്കാര്‍ പിടിച്ചു നില്‍ക്കുന്നത്.
ഇന്നലെ ഞാനൊരു കൊച്ചു കുട്ടിയെ കണ്ടു. ദേവിക എന്നു പേരുള്ള ഒരു പതിമൂന്നുകാരി. മുടന്തി മുടന്തിയാണ് അവള്‍ സ്കൂളില്‍ പോകുന്നത്. മൂന്നുവര്‍ഷം മുന്‍പ് അങ്ങയും കൂട്ടുകാരും, ഞങ്ങടെ മുംബായില്‍ നടത്തിയ ഓപ്പറേഷനില്‍ വെടികിട്ടിയതാണു പോലും. വേദനയുണ്ടെങ്കിലും അവളു പക്ഷേ ചിരിച്ചു കൊണ്ടാ അതൊക്കെ പറഞ്ഞത്. ആരെന്തൊക്കെ പറഞ്ഞാലും, അന്നത്തെ ആ വെടീം പുകയുമൊക്കെ ഞങ്ങള്‍ അതിനു മുന്‍പ് ഇംഗ്ലീഷ് സിനിമകളിലേ കണ്ടിട്ടുള്ളു. മെഷീന്‍ ഗണ്ണുമായി ചറ പറാ വെടിവെക്കുന്ന അങ്ങയുടെ ആ ഫോട്ടോയ്ക്ക് എന്തൊരു എടുപ്പാണ്...! സിനിമയിലെ ഡ്യൂപ്പ് ഹീറോകളേക്കാള്‍ ഒറിജിനല്‍ ഹീറോ അങ്ങാണ്. 175 പേരെയല്ലേ പുഷ്പം പോലെ തട്ടിക്കളഞ്ഞത്..! ലോകം മുഴുവന്‍ അതു നേരിട്ടു കണ്ടതായതു കൊണ്ട്, നാട്ടാരുടെ കണ്ണില്‍ പൊടിയിടാനെങ്കിലും ഞങ്ങളുടെ സര്‍ക്കാര്‍ കേസ്, കോടതി, വധശിക്ഷ എന്നൊക്കെ പറയും. ആ മാമാങ്കം കഴിഞ്ഞുകിട്ടിയാല്‍ എല്ലാ സൌകര്യത്തോടെയും പരിപാലിച്ചു കൊള്ളും. വധശിക്ഷ എന്നു പറയുന്നതു തന്നെ കൊല്ലില്ല എന്നുറപ്പു തരാനാണ്. അല്ലെങ്കില്‍ നോക്ക്, ഞങ്ങളുടെ മുന്‍ പ്രധാനമന്ത്രിയെ ബോംബുവെച്ചവര്‍ ഇരുപതു വര്‍ഷമായി സുഖമായിരിയ്ക്കുന്നു. പാര്‍ലമെന്റില്‍ ബോബുവെച്ചയാള്‍ക്ക് ഒരു പോറല്‍ പോലുമില്ല. ഇനി അങ്ങേയ്ക്കും വര്‍ഷങ്ങളോളം സുഖമായി ജീവിച്ചിരിയ്ക്കാം. അതിനിടയില്‍ ഞങ്ങള്‍ വധശിക്ഷ നിരോധിച്ചു നിയമം പാസാക്കും. അതോടെ ആയുസ്സ് തീരും വരെ ഞങ്ങളുടെ ചിലവില്‍ കഴിയാമല്ലോ. എന്നാല്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം ജീവനില്‍ അങ്ങനെ യാതൊരുറപ്പുമില്ല. വിലയൊക്കെ ഇങ്ങനെയാണു കേറുന്നതെങ്കില്‍ ആത്മഹത്യ തന്നെ ഗതി.

കിട്ടിയപാടെ അറുപതു രൂപയുടെ ഒരു വെടിയുണ്ടയില്‍ തീര്‍ത്തിരുന്നെങ്കില്‍ ഇക്കണ്ട കോടികളൊക്കെ പാഴാക്കണമായിരുന്നോ എന്ന് ചില വിവരദോഷികള്‍ ചോദിച്ചേക്കാം. അപ്പോള്‍ ഞങ്ങളുടെ സര്‍ക്കാര്‍ ചോദിയ്ക്കും, അങ്ങനെ കൊന്നാല്‍ അങ്ങ് പാകിസ്ഥാന്‍കാരനാണെന്ന് തെളിയിയ്ക്കാന്‍ പറ്റുമോ എന്ന്. തെളിയിച്ചിട്ടിപ്പോ എന്തുണ്ടായി എന്നു ചോദിച്ചാല്‍ പറയും അതിഥി ദേവോ ഭവ: ഒരര്‍ത്ഥത്തില്‍ ഞങ്ങളുടെ സര്‍ക്കാര്‍ അങ്ങയോടു ചെയ്യുന്നത് വലിയ തെറ്റാണ്. ജിഹാദ് നടത്തി ഉടലോടെ സ്വര്‍ഗത്തില്‍ പോകാന്‍ വന്ന അങ്ങയെയാണ് അതിനു സമ്മതിയ്ക്കാതെ ബിരിയാണിയും തീറ്റിച്ച് കിടത്തിയിരിയ്ക്കുന്നത്.

പാവം  ലാദന്‍ സാഹിബിന്, ഞങ്ങളുടെ ആര്‍ഷ ഭാരത ഔദാര്യത്തെപ്പറ്റി ഒരു വിവരവുമില്ലായിരുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ ചുമ്മാ ഒരു തോക്കുമെടുത്ത് ആ മുംബായിലെങ്ങാനും വന്ന് പത്തിരുപതെണ്ണത്തിനെ ചുട്ടിരുന്നെങ്കില്‍, ഇപ്പോള്‍ കോഴിബിരിയാണിയും തിന്ന്, നല്ലൊന്നാന്തരം ജയിലില്‍ സുഖമായി താമസിയ്ക്കാമായിരുന്നു. ഹാ.. ഇനിയിപ്പോ അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ. കത്തു നിര്‍ത്തട്ടെ.
ഇനിയും അനേകം പിറന്നാളുകള്‍ ആഘോഷിയ്ക്കാന്‍ ഇടവരട്ടെ എന്നാശംസിച്ചു കൊണ്ട്,

അങ്ങയെ പരിപാലിയ്ക്കാന്‍ നികുതികൊടുക്കുന്ന ഒരു ഗതികെട്ട ഇന്ത്യാക്കാരന്‍.

(ഒപ്പ്)

ആത്മഗതം:  അന്ന് കസബ് ഭായിയോടൊപ്പം വന്ന ബാക്കി ഒന്‍പതു പേരെയും ജീവനോടെ പിടിച്ചിരുന്നെങ്കില്‍  സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്നു കടമെടുക്കേണ്ടിവന്നേനെ.

Thursday 24 November 2011

അമ്മജീവിതം.

കോടാനുകോടി ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമുള്ള ആ അനന്തപ്രപഞ്ചത്തിന്റെ ഏതോ ചില കോണുകളിലായി കാലം കൊരുത്തുവെച്ച സുവര്‍ണമുത്തുകളാണ് ജൈവീകലോകം. അവിടെ ഒരു പിറവി ലഭിയ്ക്കുക എന്നത്  ഭാഗ്യമാണ്. അതില്‍ തന്നെ മനുഷ്യജീവിതം ലഭിയ്ക്കുക വലിയ ഭാഗ്യം. മനുഷ്യപ്പിറവികളില്‍ കഷ്ടതയും നിരാശയും നിരാസവും അവഗണനയും എന്നും ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ട ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല അമ്മമാരെന്ന പെണ്‍ജീവിതങ്ങള്‍. എല്ലാ അമ്മമാര്‍ക്കും ഈ വിധിയില്ല എങ്കിലും ഈ വിധിയേല്‍ക്കേണ്ടി വരുന്നവരില്‍ അധികവും അമ്മമാരത്രെ.

ജീവിതത്തില്‍, ഞാന്‍ അടുത്തുനിന്നു കണ്ടതില്‍ ഏറ്റവും കഷ്ടതയാര്‍ന്ന  അമ്മജീവിതം, മറ്റാരുടേതുമല്ല എന്റെ അമ്മമ്മ (അമ്മയുടെ അമ്മ)യുടേതായിരുന്നു. ഏതാണ്ടു പതിനൊന്നു മുതല്‍ പതിനേഴു വയസ്സുവരെ ഞാനവരോടൊപ്പമായിരുന്നു. അടുപ്പിലെ തീയ്ക്കും പുകയ്ക്കുമൊപ്പം അവഗണനയും പരിഹാസവും വേദനയും വേവലാതിയുമൊക്കെ  ഒരു അമ്മജീവിതത്തെ എങ്ങനെയാണ്  ദുരന്തമാക്കിതീര്‍ക്കുന്നതെന്ന്, അന്നു മനസ്സില്‍ പതിഞ്ഞ ഓര്‍മ്മച്ചിത്രങ്ങള്‍ ഇന്നെനിയ്ക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

വല്യാട്ടിലെ അമ്മവീട്ടില്‍ ഒരഞ്ചാംക്ലാസുകാരനായാണ് ഞാന്‍ താമസം തുടങ്ങുന്നത്. കണ്ണൂരിലേയ്ക്ക് ചേക്കേറിയ എന്റെ അച്ഛനമ്മമാര്‍, നാട്ടിലെ പഠനം മുടക്കേണ്ട എന്നു കരുതിയാണ് എന്നെ അമ്മവീട്ടിലാക്കിയത്. മീനച്ചിലാറിന്റെ കരയില്‍, കൈത്തോടുകള്‍ അതിരിട്ട കൊച്ചു ഖണ്ഡങ്ങളായി വല്യാട് പരന്നു കിടന്നു. ചെറിയ തുണ്ടുഭൂമികളില്‍ വീടുവെച്ചു താമസിയ്ക്കുന്നവര്‍. നെല്‍‌വയലുകളിലും മീനച്ചിലാറിലുമായി അവര്‍ ജീവിതം തുഴഞ്ഞു.
വലിയൊരു കുടുംബമായിരുന്നു ഞങ്ങളുടെ കോട്ടപ്പറമ്പില്‍ വീട്. ഓലമേഞ്ഞ സാമാന്യം വലിയൊരു വീടും, അതിന്റെ കാല്‍ഭാഗം വലുപ്പമുള്ള തൊഴുത്തും, ഒരു കുന്നോളമുള്ള വൈക്കോല്‍ തുറുവും ചേര്‍ന്നാല്‍ കോട്ടപ്പറമ്പില്‍ വീടായി. അമ്മമ്മ ഉള്‍പ്പെടെ ഏഴു സ്ത്രീ ജനങ്ങളും, ഞാനുള്‍പ്പെടെ മൂന്നു ആണ്‍പ്രജകളും ഈ വീട്ടില്‍ താമസിച്ചു. ആറു പെണ്ണുങ്ങള്‍ അമ്മമ്മയുടെ മക്കള്‍ അഥവാ എന്റെ അമ്മയുടെ അനുജത്തിമാര്‍. വല്യച്ചനും (അമ്മയുടെ അച്ഛന്‍) ഇളയ അമ്മാവനുമാണ് മറ്റു ആണുങ്ങള്‍. മറ്റുള്ളവരെപോലെ തന്നെ അമ്മമ്മയെ ഞാനും അമ്മ എന്നു തന്നെയാണ് വിളിച്ചിരുന്നത്, എന്റെ അമ്മയുടെ അനുജത്തിമാരെല്ലാം ആന്റിമാര്‍. വിവാഹപ്രായം എത്തിയവര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുണ്ട് ഈ പെണ്‍കൂട്ടത്തില്‍.

വല്യച്ഛന്‍ തികച്ചും വ്യത്യസ്തനാണ്. പത്രങ്ങളും പുസ്തകങ്ങളുമൊക്കെ വായിയ്ക്കും. നല്ല അറിവ്.  നല്ലവൃത്തിയും വെടിപ്പും. ആരുടെയും മുന്നില്‍ ബഹുമാന്യത. കുടുംബചിലവിലേയ്ക്ക് ഒരു തുക അമ്മമ്മയെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ അക്കാര്യത്തിലെ ഉത്തരവാദിത്വം കഴിഞ്ഞു. വീടിന്റെ വരാന്ത, ഊണുകഴിയ്ക്കുന്ന സ്ഥലം, കിടപ്പുമുറി ഇത്രയുമല്ലാതെ മറ്റൊരിടത്തും അദ്ദേഹം പ്രവേശിച്ചു ഞാന്‍ കണ്ടിട്ടില്ല.

വളരെ മെലിഞ്ഞിട്ടാണ് അമ്മമ്മ‍. കണ്ണുകള്‍ വല്ലാതെ കുഴിഞ്ഞിരുന്നു. മുഖമൊക്കെ ചുളിഞ്ഞു പോയി. മുഷിഞ്ഞ വേഷം. വല്യച്ഛന്റെ ഗാംഭീര്യത്തിന്റെ ഒരംശം പോലും ആ പാവത്തിനുണ്ടായിരുന്നില്ല. കുടുംബത്തിന്റെ സകല ചുമതലയും അവരുടെ ചുമലിലായിരുന്നു.
അമ്മമ്മയ്ക്ക് ഉത്തരവാദിത്വങ്ങള്‍ പലതാണ്. വല്യച്ഛന്റെ കൈയില്‍ നിന്നു കിട്ടുന്ന തുച്ഛമായ കാശ് വീട്ടിലെ കാര്യങ്ങള്‍ക്കൊന്നും തികയില്ല. നെല്‍കൃഷി ഉള്ളതിനാല്‍ നെല്ലിനു ക്ഷാമമില്ല.  മറ്റു ചിലവുകള്‍ക്ക് വരുമാനം കണ്ടെത്താനായി അമ്മമ്മയ്ക്ക് ചില സ്വയം തൊഴിലുകളുണ്ട്. മുട്ടക്കോഴി വളര്‍ത്തല്‍, തഴപ്പായ നെയ്യല്‍ എന്നിങ്ങനെ. വീട്ടില്‍ അഞ്ചാറ് പിടക്കോഴികളുണ്ട്, മുട്ടയിടുന്നത്. അകത്തെമുറിയിലെ വലിയ നെല്പത്തായത്തിന്റെ മുകളിലാണ് അവയൊക്കെ മുട്ടയിടാന്‍ കയറുക. ആ കര്‍മ്മം കഴിഞ്ഞ് കോഴി കൊക്കിവിളിച്ചാലുടന്‍ അമ്മമ്മ മുട്ടയെടുത്ത് ചീനഭരണിയില്‍ വച്ച് ഭദ്രമായി അടയ്ക്കും. മുട്ടയുടെ വിനിമയം രണ്ടു രീതിയിലാണ്. ഒന്ന്, ആഴ്ചയിലൊരിയ്ക്കല്‍ മീനച്ചിലാറ് വഴി ഒരു കൊച്ചു വള്ളത്തില്‍ മുട്ടക്കച്ചവടക്കാരന്‍ വരാറുണ്ട്, അയാള്‍ക്ക് മുട്ട വിറ്റ് കാശു മേടിയ്ക്കും. മറ്റൊന്ന്, അടുത്തുള്ള പലചരക്കു കടയില്‍ കൊടുത്ത് അത്യാവശ്യം ചില്ലറ സാധനങ്ങള്‍ മേടിയ്ക്കും. എങ്ങനെ ആയാലും ഈ മുട്ടയിലൊന്നു പോലും വീട്ടിലുള്ളവര്‍ക്ക് രുചിച്ചു നോക്കാന്‍ കിട്ടില്ല. ആയതിനാല്‍ ഞങ്ങള്‍ ഇടയ്ക്ക് വല്ലപ്പോഴും അമ്മമ്മയുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തും. ഞാനും ജയമ്മയാന്റിയുമാണ് കൃത്യം നടത്തുക. ആന്റി ഭരണി തുറന്ന് മുട്ടയെടുക്കുമ്പോള്‍ ഞാന്‍ അമ്മാമ്മ വരുന്നുണ്ടോ എന്നു നോക്കി വിവരം കൊടുക്കും.  ഇടയ്ക്ക് ഷീബയാന്റിയോ മറ്റോ കണ്ടാല്‍ അവര്‍ക്കും കിട്ടും ഒരു വിഹിതം. മുട്ട ഉടച്ച് അരിപ്പൊടിയും ചേര്‍ത്ത് പൊരിച്ചെടുക്കുന്ന ആ “അട”യ്ക്ക് നല്ല രുചിയാണ്.

വല്യാട്ടിലെ കൈത്തോടുകളുടെ കരയിലെല്ലാം കൈത സമൃദ്ധമായുണ്ട്. ചെറിയൊരു തോട്ടിയില്‍ അരിവാള്‍ വെച്ചുകെട്ടി അമ്മമ്മ കൈതയോല അറുത്തിടും, എന്നിട്ട് അവയെല്ലാം വലിച്ചുകൊണ്ടു വന്ന് മുറ്റത്ത് രണ്ടുമൂന്നുദിവസം വെയില്‍കൊള്ളാനിടും. നന്നായി വാടിക്കഴിഞ്ഞാല്‍  മുള്ളെല്ലാം നീക്കം ചെയ്ത്, വലിയ തിരിക പോലെ ചുരുട്ടിയെടുക്കും. സൈക്കിള്‍ ചക്രം പോലെയുള്ള ഇത്തരം തിരികകള്‍ വീട്ടില്‍ എപ്പോഴും കാണും.  രാത്രി നേരങ്ങളില്‍ അവ അഴിച്ച് ചെറുതായി നീളത്തില്‍ മുറിച്ചെടുത്തിട്ടാണ് പായ നെയ്യുന്നത്. മിക്ക ദിവസവും അര്‍ദ്ധരാത്രിവരെ അമ്മമ്മ ഈ ജോലി ചെയ്യും. നെയ്തെടുത്ത പായകള്‍ ആഴ്ചയിലൊരിയ്ക്കല്‍ കോട്ടയത്തെ ചന്തയില്‍  വിറ്റ് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ മേടിക്കും. അന്ന് മിക്കവാറും മിക്സ്ചര്‍ പോലുള്ള എന്തെങ്കിലും പലഹാരവും മേടിയ്ക്കാറുണ്ട്.

പത്തായത്തിലെ നെല്ലെടുത്ത് പുഴുങ്ങി ഉണക്കി അരിയാക്കുക എന്നതും പൂര്‍ണമായും അമ്മമ്മയുടെ ചുമതലയാണ്. മുട്ടന്‍ ചെമ്പുകലത്തില്‍ നെല്ല് പുഴുങ്ങല്‍ തന്നെ വലിയൊരു പണിയാണ്. പിന്നീട് രണ്ടുമൂന്നു ദിവസമെങ്കിലും വെയിലത്ത് ഉണങ്ങിയാലേ പാകമാകൂ. നെല്ലുണക്കല്‍ ഒരു അരസികന്‍ ജോലിയാണ്. കോഴി, കാക്ക എന്നിവയെ ആട്ടിയോടിയ്ക്കാന്‍ ഒരാള്‍ മെനക്കെട്ടിരിയ്ക്കണം. ചിലപ്പൊഴൊക്കെ ആ ജോലി എന്നെ ഏല്പിയ്ക്കും. അല്പനേരം കഴിയുമ്പോള്‍ മടുത്തിട്ട് ഞാന്‍ തോട്ടില്‍ ചൂണ്ടയിടാനോ മറ്റോ പോകും. വല്യച്ചന്‍ വരുമ്പോള്‍ ഉണക്കാനിട്ട നെല്ലിന്മേല്‍ നിറയെ കാക്കയും കോഴിയും മത്സരിച്ച് നെല്ലുതീറ്റയാകും. കലിയിളകുന്ന വല്യച്ഛന്‍ അമ്മമ്മയെ ഉച്ചത്തില്‍ ചീത്ത വിളിയ്ക്കും. അമ്മമ്മ എന്നെയും. ഞങ്ങള്‍ മിക്കവാറും ഉടക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു. ഇതുകൂടാതെ വീട്ടിലെ രണ്ടുകറവപ്പശുക്കളുടെ ശുശ്രൂഷ കൂടി അമ്മമ്മയ്ക്കാണ്. അവറ്റകളെ കുളിപ്പിയ്ക്കല്‍, തൊഴുത്ത് കഴുകല്‍, തുറുവില്‍ നിന്നു വൈക്കോല്‍ വലിച്ചു കൊടുക്കല്‍, കാടിയും പിണ്ണാക്കും കൊടുക്കല്‍ അങ്ങനെ പലതും. ഇക്കാര്യത്തില്‍ പക്ഷെ, ചീത്തയുടെയും ഭീഷണിയുടെയും ബലത്തില്‍ ആന്റിമാരെക്കൊണ്ടും കുറെ ജോലികള്‍ ചെയ്യിക്കുമായിരുന്നു.

അക്കാലത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട് വിറക് ശേഖരണമാണ്. തെങ്ങല്ലാതെ മറ്റൊരു വൃക്ഷം കാണാനേയില്ല. വലിയൊരു ഭൂമുതലാളിയുടെ തോപ്പുകളും ചിറകളും, വല്യാട്ടുകാരുടെ തുണ്ടുഭൂമിയ്ക്കിടയില്‍ വിശാലമായി കിടപ്പുണ്ട്. ഈ തോപ്പുകളിലെ തെങ്ങില്‍ നിന്നു വീഴുന്ന മടല്‍, കൊതുമ്പ്, കുലാഞ്ഞില്‍ ഇവയ്ക്കൊക്കെ വലിയ പിടിച്ചു പറിയാണ്. മടല്‍ വീഴുന്ന ശബ്ദം കേട്ടാല്‍ രണ്ടോ മൂന്നോ വീടുകളില്‍ നിന്ന് പെണ്ണുങ്ങള്‍ പാഞ്ഞുവരും. ആദ്യമെത്തുന്നവര്‍ക്ക് സാധനം കിട്ടും. വലിയ കുടുംബമായതിനാല്‍ ഞങ്ങളുടെ വീട്ടില്‍ ധാരാളം വിറകിന്റെ ആവശ്യമുണ്ട്. ആയതിനാല്‍ അമ്മമ്മയുടെ ഒരു ചെവി എപ്പോഴും പൊഴിയുന്ന മടലുകള്‍ക്കു മേലായിരുന്നു.

എന്നാല്‍ ഇതിനേക്കാളൊക്കെ അവരെ വിഷമിപ്പിച്ചിരുന്നത് വീട്ടിലെ പെണ്‍ജനസംഖ്യ തന്നെയായിരുന്നു. ഒന്‍പത് പെണ്മക്കളും രണ്ട് ആണ്മക്കളുമാണുള്ളത്. മുതിര്‍ന്ന മൂന്നു പെണ്മക്കളുടെ വിവാഹം മാത്രമേ കഴിഞ്ഞിരുന്നുള്ളു. മുതിര്‍ന്ന ആണ്‍‌തരി, എന്റെ വലിയമ്മാവന്‍, ചെറുപ്പത്തിലെ ഊരുചുറ്റി നടക്കുകയാണ്. വീടുമായി യാതൊരു ബന്ധവുമില്ല. പിന്നെയുള്ളത് കുഞ്ഞമ്മാവനാണ്. ആള്‍ അക്കാലത്ത് ഒന്‍പതില്‍ പഠിയ്ക്കുന്നു. കുഞ്ഞമ്മാവനിലാണ് അമ്മമ്മയുടെ ഏക പ്രതീക്ഷ. പുള്ളിക്കാരനു മാത്രം രഹസ്യമായി ഇടയ്ക്കിടെ ഓരോ മുട്ട പുഴുങ്ങിയത് കൊടുക്കുന്നുണ്ടെന്ന വിവരം ഇളയ ആന്റിമാര്‍ അറിഞ്ഞു. അതിനുള്ള പ്രതികാരം കൂടിയായിട്ടായിരുന്നു മേല്‍പ്പറഞ്ഞ മുട്ട മോഷണം.

വിവാഹപ്രായമെത്തിയ പെണ്മക്കളുള്ള ഏതൊരമ്മയുടെയും ആധി വല്യമ്മയ്ക്ക് കലശലായുണ്ടായിരുന്നു. മക്കളെ നേര്‍വഴിയ്ക്കു നയിയ്ക്കാന്‍ ചീത്തവിളിയ്ക്കുക, അടിയ്ക്കുക എന്നീ വഴികളെ ആ പാവത്തിനറിയൂ. അതിന്റെ ഫലമായി ഇടയ്ക്കിടെ കരച്ചിലും ഓട്ടവും ബഹളവും ഉണ്ടാകും. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. മുതിര്‍ന്ന ആന്റിമാരുടെ നേര്‍ക്ക് ഇടത്തരം ചീത്തയാണ് പ്രയോഗിയ്ക്കുക. കാരണം അവര്‍ തിരിച്ചും പറയും. എന്നാല്‍ ഇളയവരുടെ നേര്‍ക്ക് മര്‍ദ്ദനമുറകള്‍ തന്നെയാണ്. ജയമ്മയാന്റി അടികിട്ടിയാല്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് കരയുകമാത്രമേയുള്ളു. ഷീബയാന്റി, കിട്ടിയ അടിയേക്കാള്‍ ശക്തിയില്‍ സ്വന്തം നെഞ്ചത്തിനിട്ട് “പധോ പധോ” എന്ന് കൈ ചുരുട്ടി ഇടിയ്ക്കും. ഒപ്പം നിലത്ത് വീണ് അങ്ങോട്ടും ഇങ്ങോട്ടും ഉരുളുകയും ചെയ്യും. അതു കാണുന്നതോടെ വല്യമ്മ വേവലാതിപ്പെട്ട് പുള്ളിക്കാരിയെ പിടിച്ചെഴുനേല്‍പ്പിയ്ക്കും. എന്നാല്‍ കുഞ്ഞമ്മാവനെ അടിച്ചു കണ്ടിട്ടില്ല.

ഉണ്ടാക്കുന്ന ചോറും കറികളും ഒക്കെ എല്ലാവരെയും തൃപ്തിപ്പെടുത്തി വിളമ്പുക എന്നത് അമ്മമ്മയ്ക്ക് എന്നും ഒരു വെല്ലുവിളിയായിരുന്നു. വല്യച്ചന് പ്രത്യേക പിഞ്ഞാണത്തില്‍ വിളമ്പി ആദ്യമേ കൊടുക്കും. പിന്നെ മറ്റുള്ളവര്‍ക്കും കൊടുത്തതിന്റെ ബാക്കിയാണ് വല്യമ്മയുടെ ഭക്ഷണം. അതു പലപ്പോഴും ഒരു വായ ചോറുമാത്രമേ ഉണ്ടാകൂ. കടയില്‍ കൊടുത്തതിനു ശേഷമുള്ള ഏതാനും തുടം പാലില്‍ എത്രയോ ഇരട്ടി വെള്ളം ചേര്‍ത്തിട്ടാണ് ചായ ഉണ്ടാക്കുന്നത്..! അതിനെ തിരിച്ചും മറിച്ചും അടിച്ച് പതപ്പിച്ച് ഭംഗിയാക്കി എല്ലാവര്‍ക്കും വിളമ്പും. (പില്‍ക്കാലത്ത്, ചായക്കടയില്‍ നിന്ന് ചായകുടിച്ചപ്പോഴാണ്, ഞാനതുവരെ കുടിച്ചിരുന്നതല്ല ചായ എന്നു മനസ്സിലായത്.) എന്നാല്‍ ആ ചായയുടെ പുറകിലെ ദൈന്യത അന്നൊന്നും എനിയ്ക്ക് മനസ്സിലായതേ ഇല്ല.

എന്റെ സ്കൂള്‍ പഠനകാലത്ത് ഞാന്‍ രോഗബാധിതനായി മെഡിക്കല്‍ കോളേജില്‍ കുറേനാള്‍ കിടന്നു. അന്ന് എനിയ്ക്ക് ആശുപത്രിയില്‍ കാവലിരുന്നത് അമ്മമ്മയായിരുന്നു. അപ്പോള്‍ അവര്‍ ആകെ വ്യത്യസ്തയാണ്. സൌമ്യയായ സ്നേഹവതിയായ സ്വന്തം അമ്മ. എന്റെ പെറ്റമ്മയേക്കാള്‍ വാത്സല്യത്തോടെയാണ് എന്നെയന്ന് പരിചരിച്ചത്.

അമ്മമ്മയെ എപ്പോഴും കുഴമ്പിന്റെ മണമാണ്, ധന്വന്തരം കുഴമ്പിന്റെ. വാതത്തിന്റെ ഉപദ്രവമുണ്ടായിരുന്നു. പിന്നെ വായൂകോപവും.. ചിലരാത്രികളിലാണ് അതു വരുക. പിന്നെ ഒരു മരണവെപ്രാളമാണ്. കണ്ടു നില്‍ക്കുന്നവര്‍ പേടിച്ചുപോകും. ഉടന്‍ ആന്റിമാര്‍ മണല്‍കിഴി ചൂടാക്കി തിരുമ്മും. ഒപ്പം വായുഗുളികയും കൊടുക്കും. അരമണിക്കൂര്‍ കൊണ്ട് എല്ലാം ശരിയാകും. രാവിലെ ഒന്നുമറിയാത്തതു പോലെ പുള്ളിക്കാരി പണികളില്‍ വ്യാപൃതയാകുകയും ചെയ്യും.

ആ പാവത്തിനെ നിത്യദു:ഖത്തിലേയ്ക്ക് തള്ളിയിട്ടുകൊണ്ടാണ് ഇരുപതാം വയസ്സില്‍ കുഞ്ഞമ്മാവന്‍ മരിച്ചത്.  അന്ന് ഞാന്‍ മലബാറിലെ വീട്ടില്‍ സ്കൂള്‍ അവധിയ്ക്കു പോയിരിയ്ക്കുകയായിരുന്നു. അതിനുശേഷം ആ മുഖം തെളിഞ്ഞു കണ്ടിട്ടില്ല. അധികം താമസിയാതെ മുതിര്‍ന്ന ഒരു ആന്റിയും മരിച്ചു. തുടരെ ഉണ്ടായ രണ്ടു ദുരന്തങ്ങള്‍ അമ്മമ്മയെ കൂടുതല്‍ ക്ഷീണിതയാക്കി. ഒരു ദിവസം എന്റെ കണ്മുന്നില്‍ വെച്ച് അവര്‍ ബോധരഹിതയായി മുറ്റത്തു വീണു. നാലഞ്ചു ദിവസം ആശുപത്രിയില്‍ കിടന്നു. പിന്നെ തിരികെ വന്ന്  ജീവിതത്തോട് പടവെട്ടല്‍ തുടര്‍ന്നു.

അധികം താമസിയാതെ ഞാന്‍ മലബാറിലേയ്ക്കു പോയി. വല്ലപ്പോഴും ഞാന്‍ വല്യാട്ടില്‍ വന്ന് അമ്മമ്മയെയുംവല്യച്ഛനേയും കാണും. ആന്റിമാര്‍ ഓരോരുത്തരുടെയും വിവാഹം കഴിഞ്ഞു. വല്യച്ഛനും അമ്മമ്മയും ഒറ്റയ്ക്കായ അക്കാലത്താണ്, ഏറെനാളിനു ശേഷം വല്യമ്മാവന്‍ വീണ്ടും തിരികെയെത്തിയത്, ഒപ്പം കുടുംബവും. ജീവിതസായാഹ്നത്തില്‍ അതൊരു തുണയാകുമെന്നു കരുതിയെങ്കിലും വിപരീതമായിരുന്നു ഫലം. ആ കണ്ണീരിനും ദുരിതത്തിനും ഒരു ശമനവുമുണ്ടായില്ല.
അങ്ങനെ ഏതോ ഒരു ദിവസം അമ്മാമ്മ വീണ്ടും ബോധരഹിതയായി വീണു, ആരുടെയും കണ്ണില്‍ പെടാതെ. പിന്നീട് ആരോ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ, എല്ലാ ദുരിതങ്ങളോടും വിടപറഞ്ഞ് അമ്മമ്മ പോയി.

ഞാനാലോചിയ്ക്കുകയായിരുന്നു, എന്തായിരുന്നു ആ ജീവിതത്തിന്റെ അര്‍ത്ഥം? ഒരായുസ്സുമുഴുവന്‍ മറ്റുള്ളവര്‍ക്കായി ഓടിപ്പാഞ്ഞ്, എല്ലാ കഷ്ടപ്പാടുകളും നെഞ്ചിലേറ്റി, ഒടുക്കം ആരുമറിയാതെ വീണുമരിയ്ക്കുക..!

നമ്മുടെ അമ്മജീവിതത്തിന്റെ നേര്‍പ്രതിനിധിയല്ലേ എന്റെ അമ്മമ്മ ?

Wednesday 16 November 2011

“ട്രൌസര്‍ കീറിപ്പോയ ശുംഭന്മാര്‍‍..”

“ശുംഭന്‍“ പ്രയോഗത്തിന്റെ പേരില്‍ എം.വി.ജയരാജനെതിരെ ഹൈക്കോടതിയില്‍ വിചാരണ നടക്കുന്ന സമയത്ത് അതിന്റെ പരിഹാസ്യതയെ പറ്റി ഞാനൊരു പോസ്റ്റിട്ടിരുന്നു. രാഷ്ടീയ പ്രവര്‍ത്തകനായ ഒരു വ്യക്തിയുടെ സാന്ദര്‍ഭികമായ ഒരു വാക്കില്‍ തൂങ്ങി കുറ്റവിചാരണ നടത്തുന്നത് ഹൈക്കോടതിയുടെ അന്തസ്സിടിയ്ക്കുകയേ ഉള്ളുവെന്ന് ഞാനതില്‍ സൂചിപ്പിച്ചപ്പോള്‍ പലരും എന്നെ വിമര്‍ശിയ്ക്കുകയാണുണ്ടായത്.
ആഴ്ചകള്‍ നീണ്ട വിചാരണക്കൊടുവില്‍ സാമാന്യനീതിയ്ക്കു വിരുദ്ധമായി കോടതി ജയരാജനെ ജയിലിലയച്ചപ്പോഴും നീതിബോധമുള്ളവര്‍ അതിനെ വിമര്‍ശിച്ചു. എന്നാല്‍ അപ്പോഴും കോടതി ചെയ്തത് ശരിയെന്നു വാദിയ്ക്കാനും ചിലരുണ്ടായിരുന്നു. ഒടുക്കം സുപ്രീം കോടതിയിലെത്തിയപ്പോള്‍ എന്താണുണ്ടായത്?നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹൈക്കോടതിയുടെ “ട്രൌസര്‍ കീറിപ്പോയി”. എത്ര നിശിതമായാണു പരമോന്നത കോടതി, ഹൈക്കോടതിയുടെ തൊലിയുരിച്ചത്..!

“നിങ്ങളെങ്ങനെയാണ് ജയരാജനെ ജയിലിലടയ്ക്കുക? ജുഡീഷ്യല്‍ പ്രക്രിയ എന്താണെന്ന് ഞങ്ങള്‍ പറഞ്ഞുതരണോ? അപ്പീലിനുള്ള നിയമപരമായ അവകാശം എടുത്തുകളയാന്‍ നിങ്ങള്‍ക്കവകാശമില്ല.  ജയരാജന്‍ പറഞ്ഞതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചുവല്ലേ. വിധിന്യായത്തിലെ മോശം പരാമര്‍ശങ്ങള്‍ ഞങ്ങളെ ഞെട്ടിയ്ക്കുന്നു. കേസിന്റെ മെറിറ്റു നോക്കിയാകണം ഉത്തരവ് പുറപ്പെടുവിയ്ക്കേണ്ടത്, അല്ലാതെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമനുസരിച്ചല്ല. ജയരാജനു ജയിലില്‍ പോകേണ്ടി വന്നതില്‍ ഞങ്ങള്‍ അസ്വസ്ഥരും ദു:ഖിതരുമാണ്...”

ഈ അഭിപ്രായത്തോടെ സുപ്രീം കോടതി ഉടനടി ജയരാജന് ജാമ്യം അനുവദിയ്ക്കുകയാണുണ്ടായത്.
ഒരു നീതിപീഠത്തിന് ഇതിനേക്കാള്‍ മോശമായി കീഴ്‌ക്കോടതിയെ വിമര്‍ശിയ്ക്കാനാവില്ല. സാധാരണ രീതിയിലാണെങ്കില്‍ അല്പമെങ്കിലും അഭിമാന ബോധമുള്ളവര്‍ക്ക് ഇനിയവിടെ ഇരിയ്ക്കാനാവുമോ?

 ഇത്തരം അപഹാസ്യമായ ഒരു അവസ്ഥ ഹൈക്കോടതി സ്വയം വരുത്തിവെച്ചതാണ്. എന്നാല്‍ ഇതിലും ഗൌരവമേരിയ ഒരു ചെയ്ത്തുകൂടി ഇന്നലെ ഹൈക്കോടതി, മേല്‍ക്കോടതിയില്‍ ചെയ്തു വെച്ചിട്ടുണ്ട്. തങ്ങളുടെ ഉത്തരവിനെ ന്യായീകരിയ്ക്കാനായി ഒരു വക്കീലിനെ ഏര്‍പ്പെടുത്തിക്കളഞ്ഞു.!,  സി.പി.എം, ഹൈക്കോടതിയ്ക്കുമുന്‍പില്‍ പ്രക്ഷോഭം നടത്തിയെന്നും ജഡ്ജിമാരെയും മറ്റും തടഞ്ഞുവെന്നും മുദ്രാവാക്യം വിളിച്ചെന്നുമൊക്കെയുള്ള പച്ചക്കള്ളമാണയാള്‍ കോടതിയില്‍ അവതരിപ്പിച്ചത്. അതു വിശ്വസിച്ച സുപ്രീം കോടതി സി.പി.എമ്മിനേയും വിമര്‍ശിച്ചു. ഹൈക്കോടതിയ്ക്കു മുന്‍പില്‍ നടന്നത് മാലോകരെല്ലാം നേരിട്ടുകണ്ടതാണ്. എവിടേയ്ക്കാണ് ഈ ഹൈക്കോടതി പോകുന്നത്? അവിടെയിരിയ്ക്കുന്നവര്‍ ജഡ്ജിമാരോ അതോ മാടമ്പിമാരോ? ജസ്റ്റീസ്. കെ.രാം കുമാര്‍ എന്ന ജഡ്ജിയാണ് ജയരാജനു ശിക്ഷ വിധിച്ചത്. ഇദ്ദേഹത്തിന്റെ പൂര്‍വകാല വിധികള്‍ ഒന്നറിഞ്ഞിരിയ്ക്കുന്നത് രസകരമാണ്.

1). 2008 മാര്‍ച്ച് 11- ഫസല്‍ വധക്കേസ് സി.ബി.ഐ.യ്ക്കു വിട്ട ഉത്തരവ്. സി.പി.എമ്മിന്റെ അണികള്‍ മാത്രമേ കൊല്ലപ്പെടുന്നുള്ളു. നേതാക്കളാരും കൊല്ലപ്പെടുന്നില്ല. കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിയ്ക്കണം.  ഉടന്‍ ഗവര്‍ണര്‍ ഇതിനു നടപടിയെടുക്കണം. (കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങള്‍)

2). 2009 മാര്‍ച്ച് 24. കേരളത്തില്‍ ക്രമസമാധാനം ആകെ തകര്‍ന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലം ക്രിമിനലുകളെ സംഭാവന ചെയ്യുന്നു. പോലീസ് പൈശാചിക സേനയായി മാറി. (റഹീം പുക്കടശേരിയെ തീവ്രവാദികള്‍ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഈ പരാമര്‍ശം.)

3). അഭയക്കേസ്, മുങ്ങിപ്പോകാന്‍ അനുവദിയ്ക്കാതെ 20 വര്‍ഷമായി അതിനു വേണ്ടി പോരാടുന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ പറ്റി 23 കാര്യങ്ങള്‍ അന്വേഷിയ്ക്കണമെന്നായിരുന്നു ഇത്തവണത്തെ ഉത്തരവ്.

ഒടുവിലത്തേതാണ് ജയരാജന്‍ കേസ്. ഇദ്ദേഹത്തിന്റെ മേല്‍പ്പരാമര്‍ശങ്ങള്‍ എല്ലാം സുപ്രീം കോടതി ഓരോ പ്രാവശ്യവും റദ്ദാക്കുകയാണുണ്ടായത്. എല്ലാം കൂട്ടി വായിച്ചാല്‍ ഒരു കാര്യം ബോധ്യമാകും, ഇദ്ദേഹത്തിന് നീതി താല്പര്യത്തേക്കാള്‍ മറ്റെന്തോ താല്പര്യമാണുള്ളതെന്ന്. അങ്ങനെയുള്ളവരെയും ശുംഭന്മാരെന്നു വിളിച്ചുകൂടെ?

വാല്‍ക്കഷണം: എം.വി.ജയരാജന്‍, ഹൈക്കോടതിയോടു നന്ദി ഉള്ളവനായിരിയ്ക്കണം. കേരളത്തിലെ ഒരു ചോട്ടാ നേതാവായിരുന്ന ജയരാജന്‍ ഇന്ത്യയാകെ അറിയപ്പെടുന്ന ആളായി. പോരാ ആഗോള പ്രശസ്തനായി എന്നു പറയണം. ഇന്നത്തെ “GULF TIMES” പത്രത്തില്‍ ജയരാജനെ പറ്റി വാര്‍ത്തയുണ്ട്.

Sunday 13 November 2011

വരാനിരിയ്ക്കുന്ന സ്വാശ്രയ ദുരന്തം.

കേരളം ഒരു വിദ്യാഭ്യാസ ദുരന്തത്തിലേയ്ക്ക് നടന്നടുക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ “വിപ്ലവം” എന്നു വിശേഷിപ്പിച്ചു കൊണ്ട് മുന്‍ ആന്റണി സര്‍ക്കാര്‍ തുറന്നു വിട്ട “സ്വാശ്രയ ഭൂതം” ആണ് ഈ ദുരന്തവാഹകന്‍. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റിസള്‍ട്ട്, വിവരാവകാശ നിയമപ്രകാരം “സേവ് എജ്യുക്കേഷന്‍ കമ്മിറ്റി” ചെയര്‍മാന്‍ ശ്രീ. ഷാജര്‍ ഖാന് ലഭിയ്ക്കുകയുണ്ടായി. അമ്പരപ്പിയ്ക്കുന്ന, എന്നാല്‍ “പ്രതീക്ഷിച്ച” വിവരങ്ങളാണ് അതിലുള്ളത്.

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ വിജയനിരക്ക് 44% മുതല്‍ 10% കേവലം വരെ മാത്രം..!  സര്‍ക്കാരിനു കീഴിലുള്ള സ്വാശ്രയക്കോളേജുകളില്‍ ഇത് 64% മുതല്‍ 28% വരെയാണ്. എന്നാല്‍ സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ശരാശരി  80% വിജയമുണ്ട്. കേരളത്തില്‍ ആകെയുള്ള 119 എഞ്ചിനീയറിങ് കോളേജുകളില്‍ 14 എണ്ണമൊഴിച്ച് ബാക്കിയെല്ലാം സ്വാശ്രയക്കോളേജുകളാണ്.

ഇനി ആലോചിച്ചു നോക്കൂ, എന്തു “വിപ്ലവ”മാണ് നമ്മുടെ വിദ്യാഭ്യാസ രംഗത്തുണ്ടായതെന്ന്..! വട്ടിപ്പലിശക്കാരനും കശുവണ്ടിമുതലാളിയും ഇറച്ചിവെട്ടുകാരനും “വിഭ്യാഭാസ” സ്ഥാപനം നടത്തിയാല്‍ ഇതല്ല ഇതിലപ്പുറവും നടക്കും. വന്നവര്‍ക്കെല്ലാം വാരിക്കോരി അനുമതി നല്‍കിയിട്ട് ഒന്നും അറിയാത്തവനെപ്പോലെ പാവം നടിച്ച ആന്റണി തന്നെയാണ് ഇതിന്റെ മുഖ്യ ഉത്തരവാദി.

ഇന്നലെ നടന്ന ടി.വി.ചര്‍ച്ചയില്‍ ഒരു എഞ്ചി.കോളേജ് അധ്യാപകന്‍ വെളിപ്പെടുത്തിയതും ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ‍. പാലക്കാടുള്ള ചില കോളേജുകളില്‍, അവിടെ പഠിച്ച് തോറ്റവര്‍ തന്നെയാണത്രെ ക്ലാസെടുക്കുന്നത്..! യാതൊരു യോഗ്യതയുമില്ലാത്തവരാണ് പല കോളേജിലെയും അധ്യാപകര്‍. 10,000 - 20,000 ശമ്പളനിരക്കില്‍ M.Tech ബിരുദമുള്ള ആരാണ് ക്ലാസെടുക്കാന്‍ വരുക? പലകോളേജിലും യാതൊരു അടിസ്ഥാന സൌകര്യവുമില്ല. AICTE പരിശോധന സമയത്ത് പരസ്പരം “കൊടുക്കല്‍ വാങ്ങല്‍“ നടത്തിയാണ് അംഗീകാരം ഒപ്പിയ്ക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനത്തിന് മെറിറ്റ് ഒരു ഘടകമേ അല്ല. കൂടുതല്‍ കാശു കൊടുക്കുന്നവര്‍ക്ക് സീറ്റ്, അതാണ് രീതി.

ഈ അരാജകത്വത്തിന് മുഖ്യ ഉത്തരവാദി കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാരാണ്.
സ്വാശ്രയമേഖലയെ നിയന്ത്രിയ്ക്കാനായി കൊണ്ടു വന്ന സകല നിയമങ്ങളും തട്ടുമുട്ടു ന്യായം പറഞ്ഞ് റദ്ദാക്കുക മാത്രമല്ല, സ്വാശ്രയക്കാര്‍ക്കു അനുകൂലമായി പല “സംശയാസ്പദ” ഉത്തരവുകളും അവര്‍ ഇട്ടു കൊടുത്തു. ഒരു കോളേജിനു അനുകൂലമായ സ്റ്റേ നല്‍കാനായി, ഉച്ചയ്ക്കു പിരിഞ്ഞ കോടതി തിരക്കിട്ടു ചേര്‍ന്ന് ഉത്തരവുകൊടുത്തത് അന്നു വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടു കുത്തഴിഞ്ഞ ഈ  മേഖലയ്ക്ക് അനിവാര്യമായ തിരിച്ചടിയാണ് ഇന്ന് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.

ഇതു സമൂഹത്തിലുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം ചെറുതല്ല. ലക്ഷക്കണക്കിനു രൂപ ലോണെടുത്താണ് പല കുട്ടികളും കോഴ്സിനു പോയത്. പരാജിതരാകുന്നതോടെ അവര്‍ വെറും പ്ലസ് ടൂ നിലവാരക്കാരാകുന്നു. ഒരു തൊഴിലിനും വേണ്ട യോഗ്യതയില്ലാത്ത ഈ കുട്ടികള്‍ നാടിനും കുടുംബത്തിനും ബാധ്യതയായി തീരും. ധനികരായവര്‍ക്ക് വലിയ കുഴപ്പമൊന്നുമില്ലെങ്കിലും ഇടത്തരം - താഴ്ന്ന സാമ്പത്തിക നിലവാരമുള്ളവര്‍ക്ക് ഇതു താങ്ങാനാവില്ല. അടിയന്തിരമായി സര്‍ക്കാരും സമൂഹവും വേണ്ടതു ചെയ്തില്ലെങ്കില്‍, നിരപരാധികളായ ഈ കുട്ടികളെ ദുരന്തത്തിലേയ്ക്കു തള്ളിവിടുകയാവും ഫലം.  മക്കളുടെ അഭിരുചി തെല്ലും പരിഗണിയ്ക്കാതെ, എഞ്ചിനീയറും ഡോക്ടറുമാക്കാന്‍ കച്ചകെട്ടിയ രക്ഷിതാക്കളെ,   നിങ്ങള്‍ക്കും ഈ ദുരന്തത്തില്‍ പങ്കുണ്ട്.

Friday 11 November 2011

11-11-11 - 11:11:11 - പ്രണയത്തുടര്‍ച്ചകള്‍

എന്റെ പ്രിയപ്പെട്ടവളേ,
നിനക്കറിയുമോ നിന്നോടുള്ള എന്റെ സ്നേഹം അറിയിയ്ക്കുവാന്‍
ഞാന്‍ കരുതി വച്ചതാണ് ഈ ദിനമെന്ന്..?

ഋതുഭേദസുഗന്ധവുമായെത്തിയ നവംബറിന്റെ നനുത്ത ഈ തണുപ്പില്‍,
നിന്നെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ ഞാന്‍
നനഞ്ഞ, പായല്‍ പിടിച്ച, ആ ഇടവഴികള്‍ കാണും,
ചേറിന്മണമുതിരുന്ന വയല്‍വരമ്പുകള്‍ കാണും..
അവിടെ വിരലോടു വിരല്‍ കോര്‍ത്ത്,
നിശ്വാസവേഗത്തോടു മത്സരിച്ച്,
കണ്ണുകള്‍ ഇറുക്കിയടച്ച്,
സ്നേഹവും പ്രണയവും ചാലിച്ചുചേര്‍ത്ത്,
നമ്മള്‍ അലിഞ്ഞുപോയത് നീയോര്‍ക്കുന്നുവോ..?

ഇനി ഈ ദിനമെത്താന്‍ നൂറാണ്ടുകള്‍ കഴിയണം.
അന്ന് ഞാനും നീയും ആകാശത്ത് നക്ഷത്രങ്ങളായി
കണ്ണിറുക്കി പരസ്പരം നോക്കിച്ചിരിയ്ക്കും..
അന്നും ഋതുഭേദങ്ങളെത്തും,
നവംബറിനെ തണുപ്പു പൊതിയും..
താഴ്വരയില്‍ മഞ്ഞും, നടവഴിയില്‍ ഇലകളും പൊഴിയും.

അപ്പോഴും,
എന്റെയും നിന്റെയും ജീനുകള്‍ പേറുന്ന ആരെങ്കിലുമൊക്കെ ഇവിടെയുണ്ടാകും..
ഒരു പക്ഷെ, എന്റെ ഒരു കൊച്ചു ജീന്‍ , നിന്റെ ജീനിനെ കണ്ടുമുട്ടിയേക്കാം...
ചിലപ്പോള്‍ അവര്‍ പ്രണയിച്ചേക്കാം...
അന്ന് അതിലൊളിച്ചിരിയ്ക്കുന്ന  എന്നെ നീ തിരിച്ചറിയുമോ..?
എന്റെ നിശ്വാസവേഗം നിന്നെ കിതപ്പിയ്ക്കുമോ..?
എന്റെ ചൂട് നിന്റെ കുളിരില്‍ ലയിയ്ക്കുമോ..?
അന്ന്, നമുക്ക് നക്ഷത്രരാത്രികളില്‍ ആകാശത്തു നിന്ന് പരസ്പരം കളിയാക്കാം..
നമ്മുടെ ജീനുകളെ മുത്തം കൊടുത്ത് ലാളിയ്ക്കാം..

എന്റെ പ്രിയപ്പെട്ടവളെ,
ഇനിയെല്ലാ ജന്മങ്ങളിലും എന്റെ സ്നേഹം നിന്നെ പിന്തുടരും..
ഏതോ ജന്മത്തില്‍, പ്രണയിച്ചു മതിവരാതെ ജീവന്‍ വിട്ടൊഴിഞ്ഞ,
ആരുടെയോ തുടര്‍ച്ചകളാണല്ലോ ഞാനും നീയും.....

Tuesday 8 November 2011

“ശുംഭചരിതം” (നാടകം)

അങ്കം - 1
(രംഗത്ത് നാടുവാഴി വലിയകോയിത്തമ്പുരാനും കാര്യസ്ഥനും.)

നാടുവാഴി: “ഹൈ രാമാ, അടിയാന്മാര്‍ക്കൊന്നും നമ്മെ ഒരു വെലയില്ലാന്നു തോന്നുണല്ലോ..?”
കാര്യസ്ഥന്‍: “അടിയന്‍.., ഒള്ളതാണ് തമ്പ്രാ.. കഴിഞ്ഞീസം ഒരു നെത്തോലി ആലുഞ്ചുവട്ടീന്ന് തമ്പ്രാനെ “ശുംഭന്‍” എന്നു വിളിച്ചിരിയ്ക്കുണു..”
നാടുവാഴി: “ഒള്ളതോ രാമാ നീ പറഞ്ഞത്..? ആരാ ആ ധിക്കാരി..?”
കാര്യസ്ഥന്‍:“അടിയന്‍.., നുമ്മടെ ഒരു കുടിയാന്റെ ചെക്കനാണ് തമ്പ്രാ. ഇതിങ്ങനെ വിട്ടാ ഒക്കൂലാ.. ഇവറ്റകളൊക്കെ തലപൊന്തിച്ചാ നുമ്മടെ കാര്യം എടങ്ങേറാകും..”
നാടുവാഴി: “ഹൈ അത്രക്കഹങ്കാരമോ..? രാമാ, ആ ധിക്കാരിയെ പിടിച്ചു കെട്ടിക്കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കു..”
കാര്യസ്ഥന്‍: “അടിയന്‍.., ഉത്തരവ് ..  അവനെ ഇന്നു തന്നെ സന്നിധിയിലെത്തിച്ചേക്കാം..എവിടെ നായര്‍ പട്ടാളം..? ചേല ചുറ്റി വാളും പരിചയുമണിഞ്ഞ് കളത്തിലിറങ്ങൂ”

അങ്കം - 2

(രംഗത്ത് നാടുവാഴി വലിയ കോയിത്തമ്പുരാനും കാര്യസ്ഥനും കുടിയാനും.)
കാര്യസ്ഥന്‍: “..ഇങ്ങോട്ടു മാറിനിക്കെടാ..! നീ തമ്പ്രാനെ “ശുംഭാ” എന്നു വിളിയ്ക്കും അല്ലെ..?“
നാടുവാഴി: “എടാ.. നീ നമ്മെ “ശുംഭന്‍” എന്നു വിളിച്ചോ..?”
കുടിയാന്‍: “മിസ്റ്റര്‍ കോഴിത്തമ്പുരാന്‍, ഞാന്‍ താങ്കളെ മോശക്കാരനാക്കിയല്ല “ശുംഭന്‍” എന്നു പറഞ്ഞത്..”
കാര്യസ്ഥന്‍: “ഛീ..ധിക്കാരീ, നീ തമ്പ്രാനെ എന്താ വിളിച്ചത്? മിസ്റ്റര്‍ന്നോ..! തമ്പ്രാന്നു വിളിയ്ക്കെടാ പൊട്ടാ..”
കുടിയാന്‍: “മിസ്റ്റര്‍ എന്നു വിളിയ്ക്കുന്നത് തെറ്റൊന്നുമല്ല മിസ്റ്റര്‍ കാര്യസ്ഥന്‍. “ശുംഭന്‍” എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്നു നോക്കാന്‍ ബഹുമാനപ്പെട്ട കോയിത്തമ്പുരാനോട് ഞാന്‍ അപേക്ഷിയ്ക്കുന്നു..”
നാടുവാഴി: “ആരവിടെ, കൊട്ടാരം എഴുത്തച്ചനെ ഹാജരാക്കൂ...”

(കൊട്ടാരം എഴുത്തച്ഛന്‍ ഒരു കെട്ട് താളിയോലകളുമായി രംഗത്തേയ്ക്കു വന്ന് നാടുവാഴിയെ വണങ്ങുന്നു.‌)

നാടുവാഴി: “ശുംഭ“ന്റെ അര്‍ത്ഥം എന്താണെന്ന് താളിയോലകള്‍ മറിച്ചു നോക്കൂ..”
എഴുത്തച്ഛന്‍: “അടിയന്‍, ദാ നോക്കി വച്ചിട്ടുണ്ടേ.. “പ്രകാശിയ്ക്കുന്നവന്‍, ബുദ്ധിമാന്‍, നീതിമാന്‍” എന്നൊക്കെയാണേ ഇതില്‍ കാണുന്നത്..”
കാര്യസ്ഥന്‍ :“ആഹാ അതന്നെയല്ലേ പറഞ്ഞത് ഇവന്‍ തമ്പ്രാനെ കളിയാക്കിയതാണെന്ന്..ഇവനെ ദണ്ഡിയ്ക്കണം തമ്പ്രാ..”
നാടുവാഴി: “നിനക്ക് എന്തെങ്കിലും ബോധിപ്പിയ്ക്കാനുണ്ടോ..?”
കുടിയാന്‍: “ശുംഭന്‍” എന്നു പറഞ്ഞതു തെറ്റാണെങ്കില്‍, താങ്കള്‍ ഒരു “തിണ്ണനിരങ്ങി”യാണെന്ന് താവഴി തമ്പുരാന്‍ പറഞ്ഞു നടക്കുന്നുണ്ടല്ലോ.?”
നാടുവാഴി: “ച്ഛീ ധിക്കാരീ.. നമ്മുടെ കുടുംബകാര്യം പറയാന്‍ നിനക്കു ധൈര്യമോ..! ആരവിടെ ഇവനെ മുള്ളുവടിയ്ക്കടിച്ച് ദണ്ഡിപ്പിച്ച ശേഷം ശൂലത്തില്‍ തറയ്ക്കൂ....”
(പടയാളികള്‍ കുടിയാനെ പിടിച്ചുകെട്ടി ദണ്ഡിയ്ക്കാന്‍ കൊണ്ടുപോകുന്നു)

അങ്കം - 3

(രംഗത്ത് നാടുവാഴി വലിയകോഴിത്തമ്പുരാനും കാര്യസ്ഥനും.)

നാടുവാഴി: “ഹൈ രാമാ, അടിയാന്മാര്‍ക്കൊക്കെ ഇപ്പോ നമ്മെപറ്റി നല്ല മതിപ്പാണല്ലോ അല്ലേ..?
കാര്യസ്ഥന്‍: “അടിയന്‍, അതേ തമ്പ്രാ.. ഇപ്പോ നാട്ടിലെല്ലാവരും അവിടുത്തെ ബുദ്ധിയില്ലാത്തവന്‍, നീതിയില്ലാത്തവന്‍ എന്നൊക്കെയാ വിളിയ്ക്കുന്നത്..”
നാടുവാഴി : “ഹൈ.. അതെന്താ രാമാ അങ്ങനെ..?”
കാര്യസ്ഥന്‍: “അവിടുന്ന് “ശുംഭന്‍“ അല്ലാന്നാ എല്ലാരും പറയുന്നെ. അതിന്റെ അര്‍ത്ഥം അടിയന്‍ പറഞ്ഞൂന്നേയുള്ളു..”
നാടുവാഴി: “ഹ ഹ ഹ.. നമുക്ക് തൃപ്തിയായി. ആരവിടെ ആ മുറുക്കാന്‍ ചെല്ലവും കോളാമ്പീം ഇങ്ങെടുക്കൂ..”

(സമാപ്തം)

Friday 4 November 2011

ഷുഗറും കൊളസ്ട്രോളും : ഒരു പരീക്ഷണ വിജയം.


“നിങ്ങളുടെ കൊളസ്ട്രോള്‍ പരിധി കടന്നു പോയി..” കൈയിലെ ടെസ്റ്റ് റിസള്‍ട്ടിലേയ്ക്കു നോക്കി ക്കൊണ്ട് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ ചെവിയിയ്ക്കകത്ത് തുളച്ചു കയറി. എന്തുണ്ടാകരുതെന്ന് ആഗ്രഹിച്ചോ അതു തന്നെ സംഭവിച്ചിരിയ്ക്കുന്നു.

 “ടോട്ടല്‍ കൊളസ്ട്രോള്‍ - 255. LDL- 178, ഷുഗര്‍ 110........വറുത്തതും പൊരിച്ചതും തൊട്ടുപോകരുത്. എണ്ണ ഒട്ടും ഉപയോഗിയ്ക്കരുത്. മുട്ട, മാംസം ഒന്നും കഴിയ്ക്കരുത്., മധുരം കുറയ്ക്കുക.....” ഡോക്ടര്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഉള്ളിലെ ആന്തലിനിടയില്‍ പകുതിയും ഞാന്‍ കേട്ടില്ല. അവസാനം കുറിപ്പടി കൈയില്‍ കിട്ടി. കൊളസ്ട്രോളിനുള്ള മരുന്ന് കഴിയ്ക്കണം..! ഒരു മാസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് ചെയ്യണം. എന്നിട്ടേ ഡോസ് തീര്‍ച്ചപ്പെടുത്തുകയുള്ളു. നിരാശയോടെ ഞാന്‍ എഴുനേറ്റു പോന്നു.

മാസം ഒന്നു കഴിഞ്ഞു. വീണ്ടും ടെസ്റ്റ്, ഡോക്ടര്‍.

“ടോട്ടല്‍ - 180, LDL - 79, ഷുഗര്‍ 120.. കൊളസ്ട്രോള്‍ കുഴപ്പമില്ല. പക്ഷേ ഷുഗര്‍ കൂടി. മധുരം ഒട്ടും കഴിയ്ക്കരുത്. ആറുമാസം കഴിഞ്ഞ് ഒന്നു കൂടി ടെസ്റ്റ് ചെയ്യാം...”

ദൈവമേ, അടുത്തത് പ്രമേഹ രോഗിയാകാനാണൊ വിധി..!” കടുത്ത പഥ്യവും നിയന്ത്രണവും. പ്രിയപ്പെട്ട മീന്‍ വറുത്തതും, മധുരമിട്ട ചായയും ഐസ്ക്രീമുമെല്ലാം ഉപേക്ഷിച്ചു. മരുന്ന് ചിലപ്പോഴൊക്കെ മുടങ്ങി (മുടക്കി).

ആറുമാസം കഴിഞ്ഞു. ടെസ്റ്റ്, ഡോക്ടര്‍.

“ടോട്ടല്‍ - 210, LDL - 150, ഷുഗര്‍ - 124.... കൊളസ്ട്രോളും ഷുഗറും കൂടിയിരിയ്ക്കുന്നു. ഭക്ഷണം ശരിയ്ക്കും കണ്‍‌ട്രോള്‍ ചെയ്യുക. അല്ലെങ്കില്‍ മെഡിസിന്‍ ഡോസ് കൂട്ടേണ്ടി വരും. ഷുഗറിനും മരുന്നു കഴിയ്ക്കേണ്ടി വരും..” ഡോക്ടറുടെ മുന്നറിയിപ്പ്...മനസ്സാകെ തളര്‍ന്നു പോയി. കൊളസ്ട്രോളിനു പുറകേ പ്രമേഹവും പടിവാതില്‍ക്കല്‍ തല കാണിച്ചു തുടങ്ങി. ഷുഗര്‍ ലെവല്‍ 126 ആയാല്‍ ഡയബറ്റിക് ആയി.

ആദ്യത്തെ ഒരു മാസം വലിയ പഥ്യവും ഡയറ്റുമൊക്കെ ആയിരുന്നു. ഇതിനിടെ വെളുത്തുള്ളിയുടെ ഗുണങ്ങളെ പറ്റി ഒരു ലേഖനം വായിച്ചിരുന്നു. അതിന്‍പ്രകാരം ദിവസവും രണ്ടു നേരം വെളുത്തുള്ളി ഡ്രോപ്സ് കഴിയ്ക്കാന്‍ തുടങ്ങി. ഒപ്പം “ഇസബ്‌ഗോള്‍” എന്ന പേരില്‍ കിട്ടുന്ന ഒരിനം പുല്ലിന്റെ ഉമിയും ഓരോ സ്പൂണ്‍ വീതം രാത്രി കഴിച്ചു, ഫൈബറിന്റെ കലവറയാണത്.

ഒരുമാസം കഴിഞ്ഞതോടെ ഡയറ്റ് പിടിവിട്ടു.  വില്ലയിലെ നേപ്പാളികുക്കുമാര്‍ എണ്ണയില്‍ മുക്കി ഉണ്ടാക്കുന്ന കറികളും മീന്‍ വറുത്തതും ചിക്കന്‍ ഫ്രൈയുമൊക്കെ കുറേശ്ശെ കഴിച്ചു. രണ്ടു നേരം മധുരമിട്ട അരഗ്ലാസ് ചായ, മൂന്നു നേരം മധുരമില്ലാതെ കാപ്പി.. പോരാഞ്ഞിട്ട് ഇടയ്ക്ക് ഐസ്ക്രീമും പായസവും അലുവയും. ഓരോ തവണയും ഓര്‍ക്കും ഇനി കഴിക്കില്ല എന്ന്. എന്തായാലും സംഗതി കുളമായി. മരുന്നൊക്കെ വല്ലപ്പോഴും കഴിയ്ക്കും. എന്നാല്‍ വെളുത്തുള്ളിയും ഉമിയും മുടക്കിയില്ല, ഡെയിലി വ്യായാമവും.

ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസം ടെസ്റ്റിനുപോകുമ്പോള്‍ എനിയ്ക്കു നല്ല ഉറപ്പായിരുന്നു, കൊളസ്ട്രോളും ഷുഗറും ആകാശം മുട്ടിക്കാണും. ഇനി മേല്‍ “നല്ല“ ഭക്ഷണം ഒരു സ്വപ്നമാകും...
ഇത്തവണ കമ്പ്ലീറ്റ് ചെക്കപ്പ് ആണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.

ടെസ്റ്റ് റിസള്‍ട്ടിന്മേല്‍ നോക്കി ഡോക്ടര്‍ അല്പനേരം ഇരുന്നു. പിന്നെ എന്റെ മുഖത്തേയ്ക്കും. ഞാന്‍ ആ നോട്ടം നേരിടാന്‍ വയ്യാതെ താഴേയ്ക്കു നോക്കി.

“കൊള്ളാമല്ലോ ഇത്..! ടോട്ടല്‍ - 116. LDL - 59. ഷുഗര്‍ 114. കിഡ്നി ഫംഗ്ഷന്‍, ലിവര്‍ ഫംഗ്ഷന്‍ എല്ലാം നോര്‍മല്‍. യൂറില്‍ ടെസ്റ്റ് എല്ലാം നോര്‍മല്‍. ഗുഡ്....! “

അത്ഭുതം കൊണ്ട് എന്റെ കണ്ണു തള്ളിപ്പോയി. ടോട്ടല്‍ കൊളസ്ട്രോള്‍ 200 വരെ നോര്‍മല്‍ ആണ്,  LDL 130 വരെയും. ഇതെങ്ങനെ സംഭവിച്ചു. ഒരു വേള ബ്ലഡ് സാമ്പിള്‍ മാറിപ്പോയോ എന്നു പോലും സംശയിച്ചു പോയി. ആലോചിച്ചപ്പോള്‍ അന്നു ലേഖനത്തില്‍ വായിച്ചതൊക്കെ ഓര്‍മ്മ വന്നു. വെളുത്തുള്ളിയുടെയും  ഫൈബറിന്റെയും അത്ഭുത ഗുണങ്ങള്‍.

ഇതെന്റെ അനുഭവമാണ്. ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നെങ്കില്‍ ആവട്ടെ എന്നു കരുതി പറഞ്ഞെന്നു മാത്രം.
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നീ ജീവിത ശൈലീ രോഗങ്ങള്‍ ഒരു ദിവസം കൊണ്ടു വരുന്നതല്ല. ഒരു ദിവസം കൊണ്ടു പോകുകയുമില്ല. ഇന്ന് പല “അത്ഭുത”മരുന്നുകളും മാര്‍ക്കറ്റിലുണ്ട്. ഷുഗര്‍ മാറ്റും, കൊളസ്ട്രോള്‍ മാറ്റും എന്നൊക്കെ പറഞ്ഞ്. ശുദ്ധ തട്ടിപ്പാണിത്. നമ്മുടെ ചുറ്റിലുമുള്ള പല നിത്യോപയോഗ വസ്തുക്കള്‍ക്കും പല രോഗശമന ഗുണങ്ങളുമുണ്ട്. അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ പല ആരോഗ്യപ്രശ്നങ്ങളും പരിഹരിയ്ക്കാം. നമ്മുടെ ആരോഗ്യപാലനം ഡോക്ടര്‍മാര്‍ക്ക് പൂര്‍ണമായി വിട്ടുകൊടുക്കേണ്ടതില്ല. മാരക അവസ്ഥകളില്‍ അവരുടെ സേവനം കൂടിയേ കഴിയൂ. എന്നാല്‍ ജീവിത ശൈലീ രോഗങ്ങളുടെ കാര്യത്തില്‍ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമുക്ക് പല രോഗങ്ങളെയും ചെറുക്കാനാകും. ആദ്യമായി  വേണ്ടത്, നമ്മുടെ ശരീരത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥ അറിയുക എന്നതാണ്. തുടര്‍ന്ന് മേല്‍പ്പറഞ്ഞ പോലെയുള്ള പരീക്ഷണങ്ങള്‍ ചെയ്തു നോക്കുക.  ഒപ്പം സമയാസമയങ്ങളില്‍  ഡോക്ടറുടെ ഉപദേശവും തേടുക. നമ്മുടെ ശരീരത്തിന് അത്ഭുതകരമായ പുനരുജീവന ശേഷിയുണ്ട്. അതിനെ നമ്മള്‍ പരിപോഷിപ്പിച്ചാല്‍ മിക്ക രോഗങ്ങളില്‍ നിന്നും രക്ഷ നേടാം.
അടിക്കുറിപ്പ്: വെളുത്തുള്ളി സത്ത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്.  (Garlic Pearls.) വെളുത്തുള്ളി ചൂടാക്കിയാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും. പച്ചയ്ക്ക് കഴിയ്ക്കാന്‍ നമുക്കു ബുദ്ധിമുട്ടുമാണ്. ആയതിനാ; ക്യാപ്സ്യൂള്‍ മേടിയ്ക്കുകയാണ് നല്ലത്.
ഉത്തരെന്ത്യയിലെ ഒരിനം പുല്‍‌വിത്തിന്റെ ഉമിയാണ് “ ISABGOL"