പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 27 August 2011

ഒപ്പുവിശേഷങ്ങള്‍.

ജീവിതത്തില്‍ വിലപ്പെട്ട അഞ്ചു കാര്യങ്ങള്‍ ഏതൊക്കെ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും അതിലൊന്ന്  സാക്ഷാല്‍ “ഒപ്പ്“ തന്നെയായിരിയ്ക്കും. ആ ഒരു സാധനത്തിന് ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിയ്ക്കാന്‍ തന്നെ സാധിയ്ക്കും. ലോകത്തെ എല്ലാ കാര്യങ്ങളും ഔദ്യോഗിക തീരുമാനമാക്കപ്പെടുന്നത് ബന്ധപ്പെട്ടവര്‍ അതില്‍ ഒപ്പുവെയ്ക്കുമ്പോഴാണല്ലോ. ഒപ്പു വിശേഷങ്ങളെ പറ്റി എത്ര പറഞ്ഞാലും തീരില്ല.

ഒരാളുടെ ഒപ്പില്‍ അയാളുടെ വ്യക്തിത്വം പതിഞ്ഞു കിടപ്പുണ്ട്. അതിനെ പറ്റി ഒരു പഠനശാഖ തന്നെയുണ്ടത്രെ. ചിലരുടെ ഒപ്പുകണ്ടാല്‍ നമ്മള്‍ അതിന്റെ വടിവിലും ഭംഗിയിലും മയങ്ങിപ്പോകും, അത്ര സുന്ദരമായിരിയ്ക്കും അത്. ആ ഒപ്പിന്റെ ഉടമസ്ഥനും ആകര്‍ഷകമായ വ്യക്തിത്വം ഉള്ള ആളായിരിയ്ക്കുമത്രെ.
ചില ഒപ്പുകണ്ടാല്‍ ആകെ വീര്‍ത്തുകെട്ടിയമാതിരിയുണ്ടാകും. ഒപ്പിടാനുള്ള സ്ഥലവും കവിഞ്ഞ് അത് പരന്നുകിടക്കും. പൊങ്ങച്ചം, ഡംഭ്, ജാഡ ഇതൊക്കെയുള്ളവരുടെ ഒപ്പാണത്രെ അത്.
മറ്റു ചിലത് നേരെ വിപരീതം. വളരെ ചെറിയ, കുനുകുന്നാന്നുള്ള ഒപ്പ്. സങ്കുചിത ചിന്താഗതിക്കാരാണത്രെ ഇത്തരം ഒപ്പിടുന്നത്. കടലാസില്‍ വല്ലാതെ അമര്‍ത്തി ഒപ്പിടുന്നവര്‍ ക്രൂര മനസ്സുള്ളവരാണ്. ചിലരുടെ ഒപ്പ് എത്ര പ്രാവശ്യം ഇട്ടാലും ഒരേ അച്ചില്‍ വാര്‍ത്തപോലെയാവും. ദൃഡമായ മനസ്സുള്ളവര്‍ക്കേ അതു കഴിയൂ. ഓരോ ഒപ്പും കുറേശ്ശേ വ്യത്യാസപ്പെട്ടിരിയ്ക്കുന്നവര്‍ ചഞ്ചലമനസ്കരും ഭീരുക്കളും ആയിരിയ്ക്കുമത്രേ. ഇതൊക്കെ ഒപ്പുശാസ്ത്രം, ഒട്ടൊക്കെ ശരിയായിരിയ്ക്കാം.

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ അമ്മച്ചിമാരും കാര്‍ന്നോന്മാരുമൊക്കെ ജീവിതത്തില്‍ വല്ലപ്പോഴും ഒപ്പിടേണ്ടി വന്നിരിയ്ക്കുക, മുദ്രപ്പത്രങ്ങളിലാവും, ആധാരം, എഗ്രിമെന്റ് എന്നിത്യാദി കാര്യങ്ങള്‍ക്കു വേണ്ടി. അവരുടെ ഒപ്പുകള്‍ പരിശോധിച്ചാല്‍ അത്ഭുതകരമായ പ്രത്യേകത കാണാം. “ചു”, “ശു” എന്നിവയോടു സാമ്യമുള്ളവയായിരിയ്ക്കും പലരുടേയും ഒപ്പുകള്‍. അതുകൊണ്ട് തന്നെ ഒപ്പിനോടൊപ്പം വിരലടയാളം കൂടി പതിപ്പിയ്ക്കാറുണ്ട്. ഈ വിരലടയാളത്തിന് അത്ഭുതകരമായ ഒരു പേരാണ് മലബാറുകാര്‍ നല്‍കിയിരിയ്ക്കുന്നത്:
“ചുണ്ടൊപ്പ്”..!
പണ്ട് കോട്ടയത്തു നിന്നു കുടിയേറി മലബാറില്‍ സ്ഥലം മേടിച്ച ഒരച്ചായനോട്, സബ് രജിസ്ത്രാര്‍ ചുണ്ടൊപ്പിടാന്‍ പറഞ്ഞപ്പോള്‍ ചുണ്ടില്‍ മഷി പുരട്ടി ഒപ്പിടാന്‍ ശ്രമിച്ച കഥ സത്യം തന്നെയാണ്. മലബാറുകാര്‍ക്ക്  എങ്ങനെ ഈ പേര് കിട്ടിയെന്ന് ഒരു പിടിപാടുമില്ല.

അല്പം കൂടി പ്രായം കുറഞ്ഞ സാധാരണക്കാരുടെ ഒപ്പുകള്‍ അധികവും സ്വന്തം പേരു തന്നെയായിരിയ്ക്കും. ഇംഗ്ലീഷില്‍ പേരെഴുതി അടിയില്‍ ഒരു വരയിട്ടാല്‍ ഒപ്പായി. പണ്ട് SSLC ബുക്കിലാണ് പലരും ആദ്യമായി ഒപ്പിടുന്നത്. എങ്ങനെ ഒപ്പിടണമെന്ന് നിശ്ചയമില്ലാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്ന എളുപ്പവഴിയാണിത്. ഉന്നത വിദ്യാഭ്യാസത്തിനൊന്നും പോകാത്തവര്‍ ആ ഒപ്പില്‍ തന്നെ ശിഷ്ടകാലം കഴിച്ചു കൂട്ടും.

അക്കാലത്തെ പല കുട്ടികള്‍ക്കും സ്വന്തം ഒപ്പിടാന്‍ അറിയില്ലെങ്കിലും അച്ഛന്റെയോ അമ്മയുടെയോ ഒപ്പ് നല്ല വശമായിരിയ്ക്കും. പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടേണ്ടതിലേയ്ക്കായി അധികം പേരും ഇതു നേരത്തെ പഠിച്ചു വെച്ചിരിയ്ക്കുമല്ലോ. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ ചുമന്ന മാര്‍ക്ക് വീണപ്പോഴൊക്കെ ഞാനും ഈ വിദ്യ പയറ്റിയിട്ടുണ്ട്. ലോക്കല്‍ രക്ഷകര്‍ത്താവായിരുന്ന വല്യച്ഛന്റെ ഒപ്പ്  “ശ്ര” എന്ന അക്ഷരത്തോട് സാമ്യമുള്ളതായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.

ഏകദേശം പത്തുവര്‍ഷത്തോളമായി പേനകൊണ്ടുള്ള എഴുത്ത് നിലച്ചിട്ട്. അതിന്റെ ഫലമായി എന്റെ ഏറ്റവും വലിയ വിഷമമാണ്  ഒപ്പിടല്‍. വല്ലപ്പോഴും മാത്രമേ അതിന്റെ ആവശ്യമുള്ളൂവെങ്കിലും, അടുപ്പിച്ച് ഒന്നിലേറെ ഒപ്പിടേണ്ട സാഹചര്യം വന്നാല്‍ കുഴങ്ങിയതു തന്നെ. ഓരോന്നും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും. ചിലതിന്റെ തല മടങ്ങിയിരിയ്ക്കും, ചിലതിന്റെ വാലു നീണ്ടു പോകും അങ്ങനെയങ്ങനെ. പ്രധാന രേഖകളിലൊക്കെ പലവിധത്തില്‍ ഒപ്പുവന്നാലുള്ള പൊല്ലാപ്പ് ആലോചിച്ചു നോക്കു. ചെക്കുകളില്‍ ഒപ്പിടേണ്ടി വരുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് ഇടാറ്.

എന്നെ ഏറ്റവും ആകര്‍ഷിച്ച ഒപ്പുകളിലൊന്നാണ് ഞങ്ങളുടെ അസി. പ്രൊജക്ട് മാനേജരുടേത്. പ്രത്യേകമായ ഒരു വടിവില്‍, അച്ചടിച്ച പോലെ മനോഹരമായ, വലിയ ഒപ്പ്.  ഞാന്‍ മിക്കവാറും ദിവസങ്ങളില്‍ ആ ഒപ്പ് കാണാറുണ്ട്. ഓരോ പ്രാവശ്യവും ആരാധനയോടെയും അസൂയയോടെയും നോക്കി നില്‍ക്കും. ആ ഒപ്പു പോലെ തന്നെ ആളും ഗംഭീരന്‍.

എന്നാല്‍ എന്നെ ഞെട്ടിച്ച ഒരൊപ്പാണ് ഇക്കഴിഞ്ഞ ദിവസം കണ്ടത്. സത്യത്തില്‍ ഈ കുറിപ്പ് എഴുതാന്‍ തന്നെ കാരണം ആ ഒപ്പാണ്. ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റ് മേധാവിയായി പുതിയൊരാള്‍ ഏതാനും മാസം മുന്‍പ് ചാര്‍ജെടുക്കുകയുണ്ടായി. പ്രോജക്ടിലെ രണ്ടാം നിരയിലുള്ള അദ്ദേഹം പ്രതിമാസം പത്തുലക്ഷം രൂപയോളം ശമ്പളം മേടിയ്ക്കുന്നയാള്‍. എന്റെ വാര്‍ഷികാവധിയ്ക്ക് അന്തിമ അംഗീകാരം മേടിയ്ക്കുന്നതിനായി അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. കാര്യങ്ങളെല്ലാം ചോദിച്ച ശേഷം അദ്ദേഹം അടിയില്‍ തന്റെ ഒപ്പിട്ടു.
"T" എന്ന അക്ഷരം തലകുത്തി നിര്‍ത്തിയാലെന്താണോ അതാണ് ഒപ്പ്..! ബുര്‍ജ് ഖലീഫയെ അനുസ്മരിപ്പിച്ചു അത്.

അദ്ദേഹം ഒപ്പിട്ടതാണോ അതോ മറ്റുവല്ലതുമാണോ എന്നു  സംശയിച്ചെങ്കിലും ചോദിയ്ക്കാന്‍ ധൈര്യം വന്നില്ല. ആശങ്കയോടെ ഞാന്‍ അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറിയുടെ അടുത്തേയ്ക്ക് പാഞ്ഞ് കാര്യം അന്വേഷിച്ചു. അദ്ദേഹം ചിരിയോടെ പറഞ്ഞു:

“ പേടിയ്ക്കേണ്ട, ഇതു തന്നെയാ അങ്ങേരുടെ ഒപ്പ്..”

ഒപ്പുശാസ്ത്രത്തിന്റെ തിയറികളൊക്കെ തെറ്റാണെന്ന് എനിയ്ക്കു തോന്നി. ഈ ഒപ്പു വെച്ച് ഒരാളെ എങ്ങനെ അളക്കും?

Monday 22 August 2011

ബസുകാരു പറ്റിച്ച പണി..!

ഒരാള്‍ക്ക്, പരിചയമില്ലാത്ത മറ്റൊരാളോട് എന്തെങ്കിലും ചോദിയ്ക്കാനോ പറയാനോ ഉണ്ടെന്നു കരുതുക. വിദേശികള്‍ ആണെങ്കില്‍ രണ്ടു വഴികളാണ് സ്വീകരിയ്ക്കുക. ഒന്നുകില്‍ “എക്സ്ക്യൂസ് മീ..” എന്നു പറഞ്ഞിട്ട് കാര്യം പറയും. ചിലപ്പോള്‍ “ഹലോ” എന്നോ “ഹായ്” എന്നോ പറഞ്ഞിട്ടും കാര്യം പറയും. ഇതു വളരെ പരിഷ്കൃതമായ ഒരു രീതിയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാല്‍ നമ്മള്‍ മലയാളികളുടെ കാര്യം ബഹു വിശേഷമമാണ്. ഓരോ നാട്ടിലും ഓരോ രീതിയാണ് ഇക്കാര്യത്തില്‍. കോട്ടയം പാലാ പ്രദേശത്തൊക്കെ ഇങ്ങനെയായിരിയ്ക്കും പരിചയപ്പെടല്‍:

“പൂ....യ്..അവടെ നിന്നേ ഒരു കാര്യം ചോദിയ്ക്കട്ടെ..”  മറ്റേയാളും കോട്ടയംകാരനാണെങ്കില്‍ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല.

കണ്ണൂര്‍ ഭാഗത്തൊക്കെ “പൂ....യ്” എന്നതിനു പകരം “കൂ...യ്” എന്നാണ് പ്രയോഗം. എന്നാല്‍ ചില പ്രദേശങ്ങളിലെ രീതി  “ശൂ..ശൂ..” എന്നോ  “ശ്..ശ്” എന്നോ ആണ്. ഒറ്റപ്പെട്ട സ്ഥലത്തു നിന്നാണ് ഇതു കേള്‍ക്കുന്നതെങ്കില്‍ പാമ്പ് ചീറ്റുകയാണോ എന്നു സംശയിച്ചു പോയേക്കാം.

മറ്റു ചിലയിടത്ത്  ഉച്ചത്തില്‍ “കൈ” കൊട്ടിവിളിച്ചാണ് കാര്യം പറയുക. അതു സഹിയ്ക്കാം, എന്നാല്‍ ചിലവന്മാര്‍ പട്ടിയെ വിളിയ്ക്കുന്ന പോലെ കൈ ഞൊടിച്ചു വിളിച്ചു കളയും. ദേഷ്യം കടിച്ചമര്‍ത്തുകയേ രക്ഷയുള്ളു, കാരണം അവര്‍ “മാന്യമായ“ രീതിയില്‍ നമ്മളെ വിളിയ്ക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ ബസു തൊഴിലാളികള്‍ കണ്ടുപിടിച്ച ഒരു ശൈലിയുണ്ട്. അതെഴുതിക്കാണിയ്ക്കാന്‍ പ്രയാസമാണ്. ചുണ്ടുകള്‍ കൂര്‍പ്പിച്ച് ചൂളം വിളിപോലൊരു സൌണ്ട് കേള്‍പ്പിച്ചാണ് വിളി. സാധാരണ ചൂളം വിളിയ്ക്ക് വായു പുറത്തേയ്ക്ക് വിടുകയാണെങ്കില്‍ ഇവിടെ വായു ഉള്ളിലേയ്ക്ക് വലിയ്ക്കുകയാണ്. വീര്‍പ്പിച്ച ബലൂണില്‍ കൈയോടിച്ചാല്‍ കേള്‍ക്കുന്ന ഒരു ഒച്ചയില്ലേ, അതിനോട് സാമ്യമുള്ള ഒരു ശബ്ദം. ഞങ്ങളുടെ ആലക്കോട്ടും രയറോത്തുമൊക്കെ യുവാക്കള്‍ക്കിടയില്‍ ഈ “വിളി” ഹിറ്റായി. ക്രമേണ ഞാനും ആ ശൈലിക്കാരനായി. ആരെയെങ്കിലും വിളിയ്ക്കണമെങ്കില്‍ ആ ഒച്ചയേ ചുണ്ടില്‍ വരൂ.

അങ്ങനെയിരിയ്ക്കെയാണ് നമുക്ക് വിസകിട്ടിയത്. ഗള്‍ഫിലേയ്ക്കുള്ള ആദ്യ വിമാനയാത്ര. എയര്‍ ഇന്ത്യയുടെ റിയാദ് വിമാനമാണ്. അത്ര കിളുന്തല്ലാത്ത “വായൂഅതിഥേയ“കള്‍. ആദ്യയാത്രയുടെ അമ്പരപ്പും അത്ഭുതവുമൊക്കെ ഈയുള്ളവനില്‍ കുമിഞ്ഞു കൂടിയിട്ടുണ്ട്. വിമാനം പൊന്തിപ്പറന്ന് അല്പം കഴിഞ്ഞപ്പോള്‍ “തീറ്റയും കുടിയും“ വിതരണമാരംഭിച്ചു. അതിഥേയകള്‍ തലങ്ങും പാഞ്ഞ് ഓരോരോ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്നു.

ആദ്യ റൌണ്ട് ഭക്ഷണം കഴിഞ്ഞപ്പോള്‍ എനിയ്ക്ക് അല്പം വെള്ളം കൂടി വേണമെന്നു തോന്നി. വല്ലാത്ത ദാഹം. ഏതെങ്കിലും ഒരുവള്‍ എന്റെ നേരെ നോക്കും എന്ന പ്രതീക്ഷയോടെ ആതിഥേയകളെ കുറേ നേരം ശ്രദ്ധിച്ചു. അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ടു പോകുന്നവളുമാരൊന്നും തീരെ മൈന്‍ഡാക്കുന്നേയില്ല. അവസാനം സഹികെട്ട് ഒരുവളെ വിളിച്ചു.  കഷ്ടകാലത്തിന് അന്നേരം എന്റെ ചുണ്ടില്‍ വന്നത് ആ “ബലൂണ്‍ ഉരയ്ക്കുന്ന” ശബ്ദം..!

അതുകേട്ട പാടെ പാഞ്ഞു പോയവള്‍ ബ്രേയ്ക്കിട്ടപോലെ നിന്നു. അപ്പോള്‍ ഞാന്‍ ചുണ്ടുകോട്ടി ഒന്നു കൂടി ആ ശബ്ദം കേള്‍പ്പിച്ചു. പെട്ടെന്നവള്‍ തീ പാറുന്ന കണ്ണുകളോടെ  ഒരു നോട്ടം..! പിന്നെ എന്റെ നേരെ നോക്കി കടുപ്പിച്ചു പറഞ്ഞു :

“ദിസ് ഈസ് നോട്ട് ദ വേ ഓഫ് കോളിങ്ങ്..! അണ്ടര്‍ സ്റ്റാന്‍ഡ്..? “

എന്റെ സകല ദാഹവും ആവിയായിപ്പോയി. അടുത്തിരുന്ന പുല്ലന്മാരുടെ പരിഹാസച്ചിരിയായിരുന്നു സഹിയ്ക്കാന്‍ വയ്യാത്തത്. കണ്ണൂരിലെ മുഴുവന്‍ ബസുകാരെയും ശപിച്ചുകൊണ്ട് ഞാന്‍ സീറ്റിലേയ്ക്ക് ചാരിയിരുന്നു.

Wednesday 17 August 2011

വിപ്ലവബാക്കി..

നായരുമലയുടെ പടിഞ്ഞാറേ ചെരുവില്‍  ഒരു ചുമപ്പു തിരശ്ശീല ബാക്കിവെച്ച് സൂര്യന്‍ ഇറങ്ങിപ്പോയി. തൊടിയിലെ വാഴക്കുടപ്പനു ചുറ്റും ചെറിയൊരു അടയ്ക്കാ വാവല്‍ തേനന്വേഷിച്ചു ചുറ്റിത്തിരിയുന്നുണ്ട്. അന്നേരം തൊഴുത്തിലെ കറമ്പിപ്പശു കാടിവെള്ളത്തിന്, അക്ഷമയോടെ മെല്ലെ അമറി.

“ആ ചോന്ന പൂവന്‍ ഇന്നലേം കൂട്ടിക്കയറീല്ല. വല്ല കുറുക്കന്റേം വായില്‍ ചാടാനായിക്കൊണ്ട്..”

 അമ്മ ഉച്ചത്തില്‍ പറഞ്ഞുകൊണ്ട്, മുറ്റത്ത് ചിക്കിപ്പെറുക്കുന്ന കോഴികളെ തെക്കേ മുറ്റത്തെ കൂട്ടിലേയ്ക്ക് കൈവീശി ഓടിച്ചു. അപ്പോള്‍ ഞാന്‍ രയരോത്തേയ്ക്കുള്ള പതിവു സന്ധ്യായാത്രയ്ക്കൊരുങ്ങി മുറ്റത്തിറങ്ങി.

“ഈ ചെക്കന് വീട്ടിലിരുന്നുകൂടായോ..? സന്ധ്യാനേരത്തെന്താ അവ്ടെ തെയ്യം കെട്ടുണ്ടോ..”

അമ്മയെന്റെ നേരെ ചീറി. ഞാനതത്ര കാര്യമാക്കിയില്ല. ഇതെന്നും പതിവുള്ളതാണല്ലോ..!

“നീ പോരുമ്പം ഒരു കുപ്പി വായുഗുളിക മേടിച്ചേക്കണം.“

അമ്മ നെഞ്ചില്‍ തിരുമ്മികൊണ്ട് പറഞ്ഞു.  പനിമുതല്‍ വായുകോപം വരെയുള്ള സകല രോഗങ്ങള്‍ക്കും അമ്മയുടെ മറുമരുന്നാണല്ലോ അയമോദകസത്ത് വായു ഗുളിക. തലയാട്ടി സമ്മതിച്ച് ഞാന്‍ വേഗം രയറോത്തേയ്ക്ക് നടന്നു. മൊയ്തുക്കായുടെ റബര്‍തോട്ടം വഴി ഷോര്‍ട്ട്കട്ടുണ്ട്. അഞ്ചാറ് മിനിട്ടു ലാഭിയ്ക്കാം. ഒരു കുഴപ്പമുള്ളത്, ഉണക്ക റബറില മൂടിയ വഴിയില്‍   സൂക്ഷിച്ചു നടന്നില്ലെങ്കില്‍ ഉരുളന്‍‌കല്ലില്‍ ചവിട്ടി നടുവും തല്ലി വീഴും എന്നതു മാത്രമാണ്. എന്തായാലും ഞാന്‍ താഴേയ്ക്ക് വെച്ചുപിടിച്ചു. ആ സ്പീഡിനു ഒരു കാരണമുണ്ട്.
ഇന്നേയ്ക്ക് ഇരുപത്തഞ്ചാം ദിവസം നിയമസഭാ ഇലക്ഷനാണ്. ഇലക്ഷന്റെ മുഖ്യ പ്രവര്‍ത്തനമാണല്ലോ ചുവരെഴുത്തും പോസ്റ്ററൊട്ടിയ്ക്കലും. രയറോത്തെ വിപ്ലവയുവജനങ്ങളായ ഞങ്ങള്‍ ഇന്ന് വിശാലമായ ചുവരെഴുത്ത് പ്ലാന്‍ ചെയ്തിട്ടുണ്ട്. രാത്രിയില്‍ ആളൊഴിഞ്ഞ നേരത്താണ് ഇതൊക്കെ ചെയ്യേണ്ടത്. അതിനാലാണ് ഞാന്‍ ഇന്നിത്ര വൈകിയതും.

ഞാനെത്തുമ്പോള്‍ മമ്മാലിയ്ക്കാന്റെ ചായപ്പീടികയില്‍ മൂന്നാലു സഖാക്കള്‍ ചായയും പരിപ്പുവടയും കഴിയ്ക്കുന്നു.  അവരോടൊപ്പം കൂടി. എനിയ്ക്ക് സുഖിയനാണ് ഇഷ്ടമെങ്കിലും ഐക്യദാര്‍ഡ്യമെന്ന നിലയില്‍ പരിപ്പുവട തന്നെ മതിയെന്നു വെച്ചു. ചായകുടിയ്ക്കിടയില്‍ പരസ്യമായി പറയാവുന്ന അത്യാവശ്യകാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു. സീക്രട്ടായ കാര്യങ്ങള്‍ പാര്‍ടി ആപ്പീസില്‍ വെച്ചേ പറയാറുള്ളു.

മമ്മാലിക്കായോട് പറ്റിലെഴുതിക്കോളാന്‍ പറഞ്ഞ് ചായപ്പീടികയില്‍ നിന്നിറങ്ങി  പടിഞ്ഞാറേമുക്കിലെ ആപ്പീസിലേയ്ക്കു  ഞങ്ങള്‍ നടന്നു. രയറോത്ത് വൈകിട്ടത്തെ തിരക്കും ബഹളോം. ആസ്ഥാന കുടിയന്മാര്‍ രണ്ടു പേര്‍ മുണ്ടു തലയില്‍കെട്ടി തന്നന്നം തുള്ളുന്നുണ്ട്. അവരെ ശ്രദ്ധിയ്ക്കാതെ രയറോംകാര്‍ അവരവരുടെ പാടു നോക്കി പോകുന്നു.  ചീര്‍ത്ത പൂവാകയുടെ മൂത്തുമുരടിച്ചു തൊലിയടര്‍ന്ന വേരും‌കൂട്ടത്തിനു മേലെ കാലു കവച്ചുവെച്ച് ഞങ്ങള്‍ ആപ്പീസു മുറ്റത്തേയ്ക്കു നടന്നു. മുറ്റത്തെ കൊടിമരത്തില്‍ കെട്ടിയിരുന്ന ചെങ്കൊടി നരച്ചിരിയ്ക്കുന്നു. മാറ്റിക്കെട്ടാനായി. ഇനി, ഉടനെ എ.കെ.ജി. ദിനം വരുന്നുണ്ടല്ലോ, അന്നു മാറ്റാം. തൊട്ടടുത്ത പറമ്പിലെ ആലിക്കുട്ടീടെ കൊന്നത്തെങ്ങ് വലിയ ശല്യം തന്നെ. ഇന്നും ഓലവീണ് ഓട് രണ്ടുമൂന്നെണ്ണം പൊട്ടിയിട്ടുണ്ട്. സാരമില്ല, ഓരോ തവണ പൊട്ടുമ്പോഴും ആലിക്കുട്ടി തന്നെ വന്ന് മാറ്റിയിട്ടു തരും.

തൂളമഴയേറ്റു കരിമ്പന്‍ തട്ടിയ പലകക്കതകു തുറന്ന് ഞങ്ങള്‍ അകത്തുകയറി. മരപ്പട്ടിക അടിച്ചുകൂട്ടി വെള്ളത്തുണിവലിച്ചു കെട്ടിയ എട്ടുപത്തു ബോര്‍ഡുകളും കുറേ പോസ്റ്ററുകളും നാലഞ്ച് കുമ്മായ ബക്കറ്റുകളുമൊക്കെയായി ആപ്പീസാകെ നിറഞ്ഞിരിയ്ക്കുന്നു. അവയ്ക്കിടയിലെ നാല് ബെഞ്ചിലും പഴകിയ തടിമേശയിലുമായിട്ടാണ് ഞങ്ങള്‍ കമ്മിറ്റി കൂടുകയും ആപ്പീസു വര്‍ക്ക് നടത്തുകയും ചെയ്യുന്നത്.
ആപ്പീസിലെത്തിയാല്‍ ദിനേശ് ബീഡി വലിയ്ക്കുക എന്നത് സഖാക്കളുടെ ദൌര്‍ബല്യമായിരിയ്ക്കുന്നു. ഇത്തവണയും അവരതിനു വഴങ്ങി. ഞാനും ബ്രാഞ്ച് സെക്രട്ടറി, സഖാവ് കൊച്ചേട്ടനും ബീഡി വലിയ്ക്കാറില്ല. ഞങ്ങള്‍ക്കിഷ്ടം മൂക്കുപ്പൊടിയാണ്. കൊച്ചേട്ടന്‍ വലിയ്ക്കുന്നതു കാണാന്‍ തന്നെ നല്ല ചന്തമാണ്. ഒരു നുള്ളു പൊടിയെടുത്ത് പതുക്കെ ഒന്നു തട്ടിക്കുടഞ്ഞ്, ചുറ്റുമൊന്നു നോക്കും. പിന്നെ ഒരു മൂക്കു വിരലുകൊണ്ടടച്ച്, മറ്റേമൂക്കിലേയ്ക്ക് പൊടി തള്ളിക്കയറ്റി ആഞ്ഞൊരു വലിയാണ്..! അകമ്പടിയായി എന്തോ ഒരു സൌണ്ടും കേള്‍ക്കാം ‍. അതേ പോലെ മറ്റേ മൂക്കിലും പ്രയോഗിയ്ക്കും.  എല്ലാം കഴിഞ്ഞ്, മേലാകെയൊന്നു വിറപ്പിച്ച്, തലയ്ക്കടി കിട്ടിയ പോലെ അരമിനിട്ട് അങ്ങനെ നില്‍ക്കും. പിന്നെ കൊച്ചേട്ടന്‍  നോര്‍മലാകും. എനിയ്ക്ക് അത്രയൊന്നും പറ്റില്ല. ചെറുതായൊരു വലി മാത്രം.

“ഒന്‍പതു മണിയായാല്‍ കടയൊക്കെ പൂട്ടും. അന്നേരം നമുക്ക് വര്‍ക്കു തുടങ്ങാം..” സെക്രട്ടറി സഖാവ് കൊച്ചേട്ടന്‍ ഞങ്ങളോടു പറഞ്ഞു.” അതു വരെ ഇവിടെ ചില്ലറ പണീണ്ട്. ഓട്ടര്‍ പട്ടിക നോക്കി എത്ര ഓട്ടുകിട്ടുമെന്ന് ലീസ്റ്റെടുക്കണം. ലോക്കല്‍ കമ്മിറ്റിയ്ക്ക് അയയ്ക്കാനുള്ളതാണ്...”

തടിമേശയുടെ ഡ്രായര്‍ തുറന്നു വോട്ടര്‍ പട്ടികയെടുത്ത് ഞങ്ങള്‍ പരിശോധനതുടങ്ങി. ഞങ്ങളുടെ ലിസ്റ്റില്‍ മൂന്നു കാറ്റഗറിയാണുള്ളത്. “ഉറപ്പുള്ളത്“, “ഉറപ്പില്ലാത്തത്”, “ആടിക്കളിയ്ക്കുന്നത്”. ആദ്യത്തെ രണ്ടു കാറ്റഗറിയും എളുപ്പമാണ്. വോട്ടു തരുന്നവരെയും തരില്ലാത്തവരെയും കൃത്യമായി ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ആടിക്കളിയ്ക്കുന്നവരെ കണ്ടെത്തലാണു പാട്. അവന്മാര്‍ കണ്ടാല്‍ ചിരിയ്ക്കും, ഉറപ്പായി വോട്ടു തരുമെന്നും പറയും. പക്ഷെ കിട്ടുമെന്ന് യാതൊരുറപ്പുമില്ല. ഞങ്ങള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അധികപേരും ആടിക്കളിയ്ക്കുന്നവരാണ്. ഇലക്ഷനു മുന്‍പായി അവരില്‍ പകുതിപേരെയെങ്കിലും ഇങ്ങോട്ട് മറിച്ചേ ഒക്കൂ. ലിസ്റ്റുണ്ടാക്കലും ചര്‍ച്ചയും ഉപചര്‍ച്ചയുമൊക്കെയായി നേരം ഒന്‍പതുമണിയായത് അറിഞ്ഞില്ല.

രണ്ടു ബക്കറ്റില്‍ കുമ്മായം കലക്കിയതും നാലഞ്ചു ചകിരി ബ്രഷുകളുമായി ഞങ്ങള്‍ ആപ്പീസു പൂട്ടിയിറങ്ങി.
വെളുത്തപക്ഷത്തിലെ പാതിനിലാവ് മാനത്തുണ്ട്.  കനത്ത നിഴല്‍ പരന്നുകിടക്കുന്ന പൂവാകച്ചുവട്ടിലൂടെ ഞങ്ങള്‍ കവലയിലേയ്ക്കു നടന്നു. ചുമര് എന്നു പറയാവുന്നത്, പഴയ ഒരു തട്ടിപ്പീടികയുടെ ഇരുവശവും പിന്നെ മമ്മാലിക്കായുടെ ചായപ്പീടികയുടെ സൈഡുമാണ്. ഉറച്ച ലീഗുകാരനാണെങ്കിലും ചുമരിന്റെ കാര്യത്തില്‍ മമ്മാലിക്കാ ആരോടും വിവേചനം  പുലര്‍ത്തിയിരുന്നില്ല. ചായകുടിയുടെ കാര്യത്തില്‍ പാര്‍ടിക്കാര്‍ക്കും വിവേചനമൊന്നുമില്ല. പഴയ തട്ടിപ്പീടികയുടെ സൈഡ് ബുക്ക് ചെയ്തിട്ട് ഞങ്ങള്‍ മമ്മാലിക്കായുടെ ചായപ്പീടികയുടെ അടുത്തേയ്ക്കു ചെന്നു.
ഞെട്ടിപ്പോയി....
കോണ്‍ഗ്രസുകാര്‍ ആ സൈഡ് മൊത്തം ബുക്കു ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു...!
ഇതെപ്പോള്‍ സംഭവിച്ചു? ബുക്ക് ചെയ്ത കുമ്മായം ഉണങ്ങിയിട്ടുപോലുമില്ല..!
ഞങ്ങള്‍ അമ്പരപ്പോടെ ചുറ്റും നോക്കി.
അതാ ജമായത്ത് പള്ളിയുടെ മുന്‍പിലെ റോഡില്‍ ഒരു പെട്രോമാക്സ് വെളിച്ചം. ആരൊക്കെയോ റോഡില്‍ കുമ്മായം കൊണ്ട് എഴുതുന്നു..!

“എടാ അവന്മാര്‍ പണി പറ്റിച്ചല്ലോ..” സഖാവ് കൊച്ചേട്ടന്‍ നിരാശയോടെ പറഞ്ഞു. രയറോത്തെ ഏറ്റവും നോട്ടം കിട്ടുന്ന ചുമരായിരുന്നു മമ്മാലിക്കായുടേത്. അതു പോയതു കൂടാതെ അവന്മാര്‍ റോഡും ബുക്ക് ചെയ്യാന്‍ തുടങ്ങി..

“സഖാവെ നമ്മുക്കും റോഡ് ബുക്ക് ചെയ്യാം..” യുവജന സഖാവ് രഘുവിന്റെ ആവേശം മുറ്റിയ വാക്കുകള്‍.

സഖാവ് കൊച്ചേട്ടന്റെ ഓര്‍ഡര്‍ കിട്ടും മുന്‍പേ ഞങ്ങള്‍ റോഡിലേയ്ക്കിറങ്ങി. ആദ്യം മമ്മാലിക്കയുടെ വാതില്‍ക്കല്‍ തന്നെയാകട്ടെ. അപ്പോള്‍ കോണ്‍ഗ്രസുകാര്‍ പള്ളിസൈഡില്‍ നിന്നും ബുക്ക് ചെയ്ത് ചെയ്ത് ഇങ്ങോട്ടു വന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഇവിടുന്നു ബുക്ക് ചെയ്ത് അങ്ങോട്ടും.

ഞാന്‍ തല ഉയര്‍ത്തി അവരുടെ എണ്ണമെടുത്തു. എട്ടു പേരുണ്ട്. ഞങ്ങള്‍ അഞ്ചു പേരും. ഒരേറ്റുമുട്ടലുണ്ടായാല്‍ പിടിച്ചു നില്‍ക്കാനാവുമോ എന്തോ..? സഖാവ് രഘുവാകട്ടെ, ആവേശം തലയ്ക്കു പിടിച്ച് ബുക്കിങ്ങാണ്. മിനിട്ടുകള്‍ കഴിയവെ അവരും ഞങ്ങളും ഒരു വരയുടെ ഇരുവശത്തുമായി മുഖാമുഖം എത്തി. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ഞാന്‍ ആള്‍ക്കാരെ കണ്ടു. നായരുമലയിലെ മാത്യുവും നാരായണനുമുണ്ട്. രണ്ടുപേരും എന്റെ പരിചയക്കാര്‍. എന്നാല്‍ ആ ഭാവമൊന്നും അവരുടെ മുഖത്ത് കണ്ടില്ല.

സഖാവ് രഘു എഴുത്ത് നിര്‍ത്തിയിട്ട് നെഞ്ചു വിരിച്ച് അവരുടെ നേര്‍ക്കുനേര്‍ നിന്നു. ഞാന്‍ പതിയെ രഘുവിനെ തോണ്ടി..“ഹേയ് വേണ്ടാ സഖാവെ....”

സഖാവ് കൊച്ചേട്ടനാകട്ടെ ഒരക്ഷരം മിണ്ടുന്നില്ല. ആള്‍ബലം ഞങ്ങള്‍ക്കു കുറവാണെന്നു തോന്നിയതിനാലാണോ എന്തോ അവന്മാര്‍ ഞങ്ങളുടെ വര മുറിച്ച് ഒറ്റക്കടക്കല്‍. പിന്നെയെന്താണു സംഭവിച്ചതെന്നെനിയ്ക്കറിയില്ല. സഖാവ് രഘുവിന്റെ അലറലും ചീറലും. ഒപ്പമുണ്ടായിരുന്ന മറ്റു സഖാക്കന്മാര്‍ എന്നെ തള്ളിമാറ്റി മുന്നോട്ട് കുതിച്ചു. എനിയ്ക്ക് ഒന്നിനും ആകുമായിരുന്നില്ല. കൂട്ടയടി എന്നൊക്കെ കേട്ടിട്ടേയുള്ളു, ഞാനാരെയും തല്ലാനും പോയിട്ടില്ല, തല്ലു മേടിച്ചിട്ടുമില്ല. ഒരു പേടി വന്ന് എന്നെ പൊതിഞ്ഞു.  ഒരു നാലഞ്ചു മിനിട്ടുനേരത്തെ കൂട്ടപ്പൊരിച്ചില്‍. കടിപിടി കൂടുന്ന നായ്ക്കളെപ്പോലെ മറിയലും നിലം പറ്റലും. എന്റെ കണ്ണിനു മുന്നില്‍ ഇരുട്ടുവന്നു മറയിട്ടകാരണം ഒന്നും കാണാനായില്ല. അപ്പോഴേയ്ക്കും എവിടുന്നൊക്കെയോ പട്ടി കുരച്ചു. ആരൊക്കെയോ അവിടുന്നും ഇവിടുന്നും വരാന്‍ തുടങ്ങി.

പരിസരബോധം മെല്ലെയെത്തിത്തുടങ്ങിയപ്പോള്‍ കണ്ടത്, റോഡിലാകെ തട്ടിത്തൂവിയ കുമ്മായം. എഴുതിയതും വരച്ചതുമെല്ലാം നാനാവിധമായി. കോണ്‍ഗ്രസുകാരുടെ പെട്രോമാക്സൊക്കെ പപ്പടം പരുവത്തില്‍. സഖാവ് രഘുവിന്റെയും മറ്റൊരു സഖാവിന്റെയും ഷര്‍ട്ടും മുണ്ടും കീറിപ്പോയി. അവര്‍ അല്പം അവശതയോടെ റോഡിലിരിയ്ക്കുകയാണ്. മേലാകെ കുമ്മായം പൂശിയ മാതിരി. എന്നാല്‍ മറുപക്ഷത്തെ ഒറ്റയെണ്ണം പോലും ആ പരിസരത്തുണ്ടായിരുന്നില്ല. എനിയ്ക്കാണെങ്കില്‍ മേലാകെ ഒരു കിടുകിടുപ്പും വിറയലും. ഒരു പെരുമഴ പെയ്തൊഴിഞ്ഞപോലെയുണ്ട്.

ഓടിയെത്തിയവര്‍ക്ക്  വിശദീകരണമൊന്നുമില്ലാതെ കാര്യം ബോധ്യമായി. പാര്‍ടിക്കാരാണെന്നു കണ്ടതോടെ ചില മൂരാച്ചികളൊക്കെ പുളിച്ച ചിരിയോടെ തിരിച്ചു പോയി. കുറച്ച് സഖാക്കള്‍ മാത്രം അവിടെ നിന്നു. അല്ലെങ്കിലും രയറോം ടൌണില്‍ ഞങ്ങള്‍ക്കത്ര വോട്ടൊന്നുമില്ല. അപ്പോള്‍ സഖാവ് കൊച്ചേട്ടന്‍ എന്നെ മെല്ലെ തോണ്ടിയിട്ട് ഒരു വശത്തേയ്ക്ക് തലയാട്ടി വിളിച്ചു.

“എന്താ സഖാവേ..?” ഞാന്‍ ഉത്കണ്ഠയോടെ ചോദിച്ചു.

“ഇവരെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ടെ..?”

“ആശുപത്രിയിലോ..? അതിനവര്‍ക്ക് പരിക്കൊന്നുമില്ലല്ലോ..?”

“അതിനല്ല, കേസിനു ബലം വരണമെങ്കില്‍ ആശുപത്രിയില്‍ കിടക്കണം..”

“ഇനി കേസുമുണ്ടോ..?” എനിയ്ക്കല്‍പം പരിഭ്രമമായി.

“ഇലക്ഷനല്ലേ വരുന്നത്.. നമുക്ക് ഇതൊന്നു ചൂടാക്കണം. ആടിക്കളിയ്ക്കുന്ന കുറച്ചു പേരെയെങ്കിലും മറിയ്ക്കാം..” സഖാവ് കൊച്ചേട്ടന്‍ അതിന്റെ പ്രായോഗിക വശം എനിയ്ക്കു ചെവിയില്‍ പറഞ്ഞു തന്നു.

“എങ്കില്‍ ഉടനെ ആശുപത്രിയാലാക്കാം സഖാവെ..” ഞാനും സമ്മതിച്ചു.

“ഒരു കാര്യം ചെയ്യു, ഞാന്‍ ജീപ്പ്  ഏര്‍പ്പാടാക്കാം, സഖാവും ഇവരോടൊപ്പം ആശുപത്രിയില്‍ പോണം. ഏരിയാ കമ്മിറ്റി ഓഫീസില്‍ പോയിട്ട് ആശുപത്രീലോട്ട് പോയാല്‍ മതി..”

“അയ്യോ കൊച്ചേട്ടാ ഞാനോ..! എനിയ്ക്ക് ഇതൊന്നും പരിചയമില്ല. സഖാവ് തന്നെ പോകുന്നതാ നല്ലത്..”

“ഇങ്ങനെയൊക്കെയല്ലേ പഠിയ്ക്കുന്നത്.. വീട്ടില്‍ അവളും പിള്ളേരും മാത്രമേയുള്ളു.. സഖാവ് തന്നെ പോകണം..”
ആ വാക്കുകള്‍ക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ ഓര്‍ഡറിന്റെ കനമുണ്ടോ എന്നു ഞാന്‍ സംശയിച്ചു. ഇനിയിപ്പോള്‍ മടിച്ചു നില്‍ക്കാനാവില്ല. തന്നെയുമല്ല, കൂടെയുള്ള സഖാക്കളെ ആശുപത്രിയിലെത്തിയ്ക്കാന്‍ അമാന്തം കാണിയ്ക്കുന്നത് ഒരു  സഖാവിനു യോജിച്ചതുമല്ല.
ഡ്രൈവര്‍ വാസുവേട്ടന്റെ പഴഞ്ചന്‍ ഡീസല്‍ ജീപ്പ് തളിപ്പറമ്പെത്താന്‍ ഒരു മണിക്കൂര്‍ പിടിച്ചു. ആദ്യം ഞങ്ങള്‍ ഏരിയാ കമ്മിറ്റി ഓഫീസിലേയ്കാണ് പോയത്. ഓടിട്ട ആ പഴയകെട്ടിടത്തിന്റെ വരാന്തയില്‍ ചില സഖാക്കളിരുന്ന് ബീഡി പുകയ്ക്കുന്നു. ഭാഗ്യം, ഇലക്ഷന്‍ കാലമായതുകൊണ്ടാവാം
എരിയാ സെക്രട്ടറി അവിടെയുണ്ടായിരുന്നു. തലമുഴുവന്‍ നരച്ച, മെലിഞ്ഞുണങ്ങിയ സഖാവിന്റെ വേഷം ഇളം മഞ്ഞ മുണ്ടും വെള്ള ഷര്‍ട്ടും. ആദ്യമായാണ് ഒരു ഏരിയാ സെക്രട്ടറിയോട് നേരില്‍ സംസാരിയ്ക്കാന്‍ പോണത്. അതിന്റെയൊരു സങ്കോചമുണ്ട്.

“സഖാവെ, ഞങ്ങള്‍ രയറോത്തൂന്ന് വര്യാണ്.. അവിടെ കോണ്‍ഗ്രസുകാര്‍ നമ്മുടെ രണ്ട് സഖാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയിരിയ്ക്കുന്നു. പോലീസിലൊന്ന് വിളിച്ചു പറഞ്ഞാല്‍....” ആവുന്നത്ര വിനയത്തില്‍ ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്നെ മുഖമുയര്‍ത്തി നോക്കി. നല്ല ഗൌരവത്തില്‍ തന്നെയാണ്. പിന്നെ കൈയിലിരുന്ന പത്രത്തിലേയ്ക്കു തന്നെ മുഖം പൂഴ്ത്തിയിട്ട് ചോദിച്ചു: “എവിടെ അവര്‌ ‍..?”

അപ്പോള്‍ ഞാന്‍ മുറ്റത്ത് ഇരുട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ തിരിഞ്ഞ് സഖാവ് രഘുവിനേയും മറ്റേ ആളെയും വിളിച്ചു. രണ്ടു പേരും വേച്ചു വേച്ച് ഇറങ്ങി വന്നു. ജീപ്പിനകത്തിരുന്ന് ഇവര്‍ക്ക് അവശത കൂടിയോ,,!
ഏരിയാ സെക്രട്ടറി അവരെയൊന്നു നോക്കിയ ശേഷം മേശപ്പുറത്തിരുന്ന ടെലഫോണ്‍ എടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു:
“ഇത് ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നാണ്. സര്‍ക്കിള്‍ ഇല്ലേ..? ആ.. സര്‍ക്കിള്‍ ആണോ.. ശരി. രയറോത്തു നിന്ന് കോണ്‍ഗ്രസുകാര്‍ മര്‍ദിച്ച രണ്ടു സഖാക്കള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഉടനെ കേസെടുക്കണം...... എന്ത്.. നോക്കട്ടെന്നോ..? നോക്കുകയൊന്നും വേണ്ടാ.. നടപടിയെടുക്കണം........ ... ഓഹോ ഇലക്ഷനായതിന്റെ പവറായിരിയ്ക്കും അല്ലേ.. ഞങ്ങള്‍ വീണ്ടും വരില്ലാന്നു കരുതിയാവും അല്ലേ... കാണാം ..”
ഏരിയാ സെക്രട്ടറി ക്ഷോഭത്തോടെ ഫോണ്‍ ശക്തിയായി വെച്ചു.

“ഹും പോലീസുകാരുടെയൊരു മാറ്റം.. നിങ്ങളെന്തായാലും ആശുപത്രിയില്‍ പോയി അഡ്മിറ്റാക്.. ബാക്കി നമുക്ക് നാളെ നോക്കാം...വേണോന്നു വെച്ചാ എസ് പിയെ തന്നെ വിളിയ്ക്കാം....”

തളിപ്പറമ്പ് ഗവണ്മെന്റാശുപത്രിയിലേയ്ക്ക് പോകും വഴി ഞങ്ങള്‍ ജീപ്പു നിര്‍ത്തി തട്ടുകടയില്‍ നിന്നു ചായയും കടിയും കഴിച്ചു. സഖാക്കള്‍ ഓരൊ ബീഡിയും വലിച്ചു.  ആശുപത്രി അത്യാഹിതവിഭാഗത്തില്‍ കുറച്ചു നേരം തര്‍ക്കിച്ചു. അത്യാഹിതമൊന്നും അവരു കാണുന്നില്ലാത്രെ..! സഖാവ് രഘുവും മറ്റേ സഖാവും തളര്‍ന്ന് ബഞ്ചില്‍ കിടക്കുകയായിരുന്നു.  എന്തായാലും അവസാനം  അഡ്മിഷന്‍ കിട്ടി‍. ഇലക്ഷന്‍ കാലമായപ്പോള്‍ എല്ലാവര്‍ക്കും പത്തി പൊങ്ങിയിരിയ്ക്കുന്നു..!
 എല്ലാം കഴിഞ്ഞ് ജീപ്പ് രയറോത്തെത്തിയപ്പോള്‍ സമയം രാത്രി ഒരു മണി..! ഒരൊറ്റ മനുഷ്യക്കുഞ്ഞു പോലുമില്ല അവിടെയെങ്ങും. പുഴയുടെ ഒഴുക്കും പള്ളി മിനാരത്തിലെ വെള്ളിമൂങ്ങയുടെ മൂളലും മാത്രം ബാക്കി.
 ഇത്രയും വൈകി ആദ്യമായാണ് നായരുമല കയറുന്നത്. കിതപ്പടക്കി അരണ്ട വെളിച്ചത്തില്‍ വഴി തപ്പി വീടു പിടിച്ചു. തൊഴുത്തില്‍ കറമ്പി ആളനക്കം കേട്ടപ്പോള്‍ ഉച്ചത്തില്‍ മൂളി.
മെല്ലെ കതകിനു തട്ടി. അമ്മ ഉണര്‍ന്നു കിടപ്പാവും. എത്ര വൈകിയാലും ഞാനെത്താതെ ഉറക്കം പതിവില്ലല്ലോ. അകത്ത് തീപ്പെട്ടിയുരസുന്ന ശബ്ദം. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കുമായി അമ്മ വാതില്‍ തുറന്നു..

“അമ്മയ്ക്കു വായു ഗുളിക മേടിയ്ക്കാന്‍ പറഞ്ഞു വിട്ടിട്ടു വരുന്ന നേരമായിരിയ്ക്കും അല്ലേ..?“

അപ്പോഴാണ് ഞാനോര്‍ത്തത്, ഈശ്വരാ.. അമ്മ പറഞ്ഞുവിട്ട വായു ഗുളിക...!
അപ്പോള്‍ പുറത്തെ ഇരുട്ടില്‍ ഒരു പുള്ളിനത്തു ചിലച്ചും കൊണ്ടു പറന്നുപോയി. മലഞ്ചെരിവില്‍ എവിടെയോ പട്ടി നിര്‍ത്താതെ കുരയ്ക്കുന്നു. നിലാവ് നേരത്തെ അസ്തമിച്ചതാണല്ലോ..?

“ചോറ് വെളമ്പി വെച്ചിട്ടുണ്ട്.. എടുത്തു കഴിച്ചോ..”

നെഞ്ചില്‍ തടവികൊണ്ട് അമ്മ  കട്ടിലില്‍ പോയി കിടന്നു. അപ്പോള്‍ തള്ളിവന്ന വിങ്ങല്‍ പുറത്തു ചാടാതെ ഞാന്‍ നെഞ്ചത്തിറുക്കിപ്പിടിച്ചു.

Monday 15 August 2011

അന്ന ഹസാരെയുടെ സമരത്തെ നെഞ്ചിലേറ്റുക. അഴിമതിക്കാരെ തൂത്തെറിയുക.

“ഭരണഘടനയെയും പാര്‍ലമെന്റിന്റെ അധികാരത്തെയുമാണ് അന്ന ഹസാരെ വെല്ലുവിളിയ്ക്കുന്നത്. തന്റെ ഇഷ്ടത്തിനനുസരിച്ച് നിയമം നിര്‍മ്മിയ്ക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. ഉപവാസത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ നിയമം അനുവദിച്ചിട്ടില്ല” : പ്രണാബ് മുക്കര്‍ജി.

“ലോക് പാല്‍ ബില്‍ പാസാക്കിയാല്‍ ഇന്ത്യയിലെ എല്ലാ അഴിമതിയ്ക്കും അറുതി വരുമെന്ന് ഉറപ്പ് നല്‍കാന്‍ അന്ന ഹസാരെയ്ക്കു കഴിയുമോ? ഹസാരെയും സംഘവും രാജ്യത്തെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ്. ഇന്ത്യയിലെ അഴിമതി തടയാന്‍ ലോക്പാല്‍ ബില്ലിനു കഴിയില്ല”: അംബികാ സോണി.

“പ്രതിഷേധിയ്കാനുള്ള അവകാശം എന്നു വെച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടപെട്ട സ്ഥലത്ത് പ്രതിഷേധിയ്ക്കാനുള്ള അവകാശമല്ല. അവകാശത്തോടൊപ്പം ഉത്തരവാദിത്വവുമുണ്ട്. ഹസാരെയുടെ പ്രക്ഷോഭണത്തിനു പണം മുടക്കുന്നത് ആരെന്ന് അറിയേണ്ടതുണ്ട്.”: കപില്‍ സിബല്‍.

“അന്ന ഹസാരെ അഴിമതി നടത്തിയിട്ടുണ്ടെന്ന് ജസ്റ്റീസ് സാവന്ത് കണ്ടെത്തിയിട്ടുണ്ട്. അഴിമതി തടയാനോ ലോക്പാലിനു വേണ്ടിയോ അല്ല ഹസാരെയുടെ ഉപവാസം.”: മനീഷ് തിവാരി.

ഇന്നലെ ഒരൊറ്റദിവസം, അന്ന ഹസാരെയ്ക്കെതിരെ നാലു കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളാണ് മേല്‍ക്കൊടുത്തത്. ഇതു മാത്രമല്ല, ആരോപണങ്ങള്‍ വേറെയുമുണ്ട്.

എന്താണ് ഹസാരെ നടത്തിയ ആ കൊടും അഴിമതി?

ഹസാരെ തന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി ഹിന്ദ്‌സ്വരാജ് ട്രസ്റ്റിന്റെ 2.2 ലക്ഷം രൂപ ചെലവാക്കി ! കൂടാതെ, യാദവ് ബാബശിക്ഷണ്‍ പ്രസാരണ്‍ മണ്ഡലി എന്ന ട്രസ്റ്റ് 20 വര്‍ഷമായി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല...!! മറ്റൊരു ട്രസ്റ്റായ ഭ്രഷ്ടാചാര്‍ വിരോധി ജന്‍ ആന്ദോളന്‍ സന്‍സ്ഥാനിലെ ചില പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു..!! സൈന്യത്തിലെ തന്റെ സേവനകാലവുമായി ബന്ധപ്പെട്ട് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ഹസാരെ ഇതേവരെ മറുപടി നല്‍കിയിട്ടില്ല..!!!

ഹോ..! എത്രഭീകരമായ അഴിമതികള്‍..! ലക്ഷക്കണക്കിനു കോടികളുടെ 2ജി- 3ജി സ്പെക്ട്രം, ബോഫോര്‍സ്, ആദര്‍ശ് ഫ്ലാറ്റ്, കല്‍ക്കരി ഖനി,  റിലയന്‍സിനു എണ്ണപ്പാടങ്ങള്‍ തീറെഴുതിയതു മുതല്‍ ഇങ്ങ് പാമോയില്‍ കുംഭകോണം വരെയുള്ള അഴിമതികളൊക്കെ ഇതിന്റെ മുന്നില്‍ എത്ര തുഛം..!

കോണ്‍ഗ്രസുകാര്‍ ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും ഭരണഘടനയെയും പറ്റിയൊക്കെ സംസാരിച്ചു തുടങ്ങിയിരിയ്ക്കുന്നു..! സോണിയ ഗാന്‍ഡിയുടെ അടുക്കളയില്‍ മാവരച്ചുകൊടുക്കുന്നതിനും  വിറകു വെട്ടിക്കൊടുക്കുന്നതിനപ്പുറം എന്തു യോഗ്യതയാണ് മന്മോഹന്‍ സിങ്ങ് തൊട്ടുള്ള മേല്പടിയാന്മാര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളത്...?? സ്വന്തം നാട്ടില്‍ മത്സരിയ്ക്കാന്‍ നിന്നാല്‍ കെട്ടിവെച്ച കാശുപോലും കിട്ടാത്ത പ്രധാനമന്ത്രിയും, കോര്‍പറേറ്റ് കുത്തകകളുടെ മാനസപുത്രന്മാരായ കപില്‍ സിബലും സിംഘ്വിയുമൊക്കെ നയിയ്ക്കുന്ന കോണ്‍ഗ്രസേ, നിങ്ങള്‍ തന്നെ ജനാധിപത്യത്തെ പറ്റി പറയണം..!

പാര്‍ലമെന്റിനെയും ഭരണഘടനയെയും ചവിട്ടിയരച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരുടെ പാര്‍ലമെന്ററി സ്നേഹം അപാരം..! ജയപ്രകാശ് നാരായണന്റെയും  കമ്യൂണിസ്റ്റുകാരുടെയും ജനസംഘത്തിന്റെയും പോരാട്ടങ്ങളും സമരങ്ങളുമാണ് ഇന്നു നാം അനുഭവിയ്ക്കുന്ന ജനാധിപത്യത്തിന്റെ അടിത്തറ എന്നത്, ചരിത്രബോധമുള്ള കോണ്‍ഗ്രസുകാരെങ്കിലും ഓര്‍ക്കണം.

അഴിമതിയില്‍ മുച്ചൂടും മുങ്ങിയ കോണ്‍ഗ്രസുകാര്‍, അതിനെതിരെ സമരം ചെയ്യുന്ന ഹസാരെയെ പോലുള്ളവരെ എതിര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളു. ഇവര്‍ എന്തിനാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സമരത്തെയും ഭയക്കുന്നത്? ടുണീഷ്യയിലെയും,  ഈജിപ്തിലെയും, ലിബിയയിലെയും, യെമനിലേയും ഇപ്പോള്‍ സിറിയയിലെയും ഭരണാധികാരികള്‍ ജനാധിപത്യ സമരക്കാരോട് പറഞ്ഞതു തന്നെയാണ് കോണ്‍ഗ്രസ് ഗവണ്മെന്റ് ഹസാരെയോടും പറയുന്നത്..

പാര്‍ലമെന്റ് എന്നു പറഞ്ഞാല്‍ ആ വലിയ കെട്ടിടവും അതിനുള്ളില്‍ കയറിക്കൂടിയ കുറെ എം.പി.മാരുമല്ല. അവരെ അങ്ങോട്ടയച്ച ജനങ്ങളാണ്. തങ്ങളുടെ പ്രതിനിധികള്‍ ജനാഭിലാഷം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിനെതിരെ പ്രതിഷേധിയ്ക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്.

ഹസാരെയെ അരാഷ്ട്രീയതയുടെ പേരില്‍ കുറ്റപ്പെടുത്താല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും അവകാശമില്ല. നിങ്ങളൊക്കെ വേണ്ടപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇവിടെ അഴിമതി ഉണ്ടാവില്ലായിരുന്നു, ഹസാരെമാര്‍ ഉണ്ടാവില്ലായിരുന്നു. തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിയ്ക്കാതെ, ഇപ്പോള്‍ പോരാട്ടത്തിനിറങ്ങിയ ഹസാരെയെ ആക്ഷേപിയ്ക്കാന്‍ നിങ്ങള്‍ക്കെന്തു യോഗ്യത?
 നിങ്ങളെല്ലാം പേടിയ്ക്കുന്നത്, ഈ രാജ്യത്തെ ജനങ്ങളെയാണ്. അവര്‍ ഹസാരെയോടൊപ്പം കൂടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. ഒന്നോര്‍ക്കുക, നിങ്ങളുടെയൊന്നും ഔദാര്യത്തിലല്ല ഇവിടെ ജനാധിപത്യം നിലനില്‍ക്കുന്നത്, മറിച്ച് ജനങ്ങളുടെ ജനാധിപത്യബോധത്തിലാണ്. ഭീകരന്മാര്‍ തേര്‍വാഴ്ച നടത്തുന്ന കാശ്മീരില്‍ പോലും അവസരം ലഭിച്ചപ്പോള്‍ സ്ത്രീകളടക്കം ഭൂരിപക്ഷം പേരും പോളിങ്ങ് ബൂത്തിലെത്തിയ രാജ്യമാണിത്. നിങ്ങളെ പോലുള്ള ചീഞ്ഞളിഞ്ഞ രാഷ്ട്രീയക്കാര്‍ ഇല്ലെങ്കിലും ഈ രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കും.

നിങ്ങള്‍ കരുതും പോലെ, ഇവിടുത്തെ യുവാക്കള്‍ റീയാലിറ്റി ഷോയിലും, കമ്പ്യൂട്ടര്‍ ഗെയിമിലും ഓണ്‍‌ലൈന്‍ ചാറ്റിങ്ങിലും  മയങ്ങിക്കിടക്കുന്നവരല്ല. അവര്‍ ഈ രാജ്യത്തെ ഓരോ സംഭവങ്ങളെയും സശ്രദ്ധം വീക്ഷിയ്ക്കുകയും പ്രതികരിയ്ക്കുകയും ചെയ്യുന്നവരാണ്. അവര്‍ ഗാന്ധിജിയെ വായിയ്ക്കുന്നവരാണ്. അവരെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്. ഹസാരെ തുറന്നു വിടുന്ന ഉജ്വല സമരത്തിന്റെ തീച്ചൂളയില്‍ രാഷ്ട്രീയ ജംബുകന്മാരായ ഈ പ്രണബുമാരും സിബലുമാരും മനീഷുമാരും  കരിഞ്ഞു ചാമ്പലാവും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.

അന്ന ഹസാരെയുടെ സമരത്തിന്  പിന്തുണ നല്‍കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിയ്ക്കുന്നു. അഴിമതിയ്ക്കെതിരെ പോരാടാനുള്ള ഉജ്വല സന്ദര്‍ഭമാണിത്. രാജ്യത്തെ കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിയ്ക്കുന്ന അഴിമതി പണ്ടാരങ്ങളുടെ ജല്പനങ്ങളെ തള്ളിക്കളഞ്ഞ് നാമോരോരുത്തരും ഈ സമരത്തെ നെഞ്ചേറ്റുക.